റോഡപകടം: പ്രതിദിനം കൊല്ലപ്പെടുന്നത് 11 പേര്‍; മൂന്ന് വര്‍ഷത്തിനിടെ പൊലിഞ്ഞത് 12,392 ജീവന്‍

0
460

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തിന്റെ നിരത്തുകളില്‍ വാഹനാപകടങ്ങളില്‍ ദിനംപ്രതി പൊലിയുന്നത് 11 ജീവനുകള്‍. മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 12,392 പേരാണ്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയാണ് ഈ കണക്കുകള്‍. 
ഈ വര്‍ഷം മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 1.33 കോടി വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ട്രാന്‍പോര്‍ട്ട് വാഹനങ്ങള്‍ 16.44 ലക്ഷവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ 1.16 കോടിയുമാണ്. 6.14ലക്ഷം സ്വകാര്യ വാഹനങ്ങള്‍ രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞശേഷവും നിരത്തിലോടുന്നതായി മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടുന്ന 1,26,188 വാഹനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അമിത വേഗതയുടെ പേരില്‍ 2192 ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. അമിത വേഗത ഉള്‍പ്പെടെയുള്ള നിരീക്ഷിക്കാന് 143 ഓട്ടോമാറ്റിക് സ്പീഡ് എന്‍ഫോഴ്സ്മെന്റ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 20.26 കോടി രൂപ ചെലവഴിച്ചാണ് ഇവ സ്ഥാപിച്ചത്. ഇതിന്റെ അറ്റകുറ്റ പണികള്‍ക്കായി 34.02 ലക്ഷം രൂപ ചെലവഴിച്ചു. ഇതില്‍ 22 ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണ്. കെല്‍ട്രോണിനാണ് ഇതിന്റെ പ്രവര്‍ത്തന ചുമതല. 
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ഇലക്ട്രിക് വാഹന നയത്തിന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ എല്‍.പി.ജി, സി.എന്‍.ജി ഇലക്ട്രിക് ഓട്ടോറിക്ഷ എന്നിവ നിലവിലുള്ളതിന് പുറമെ 3000 വാഹനങ്ങള്‍ പുതിയതായി അനുവദിച്ചതായി മന്ത്രി അറിയിച്ചു. 
ഇതില്‍ 2000 ഇലക്ട്രിക് ഓട്ടോറിക്ഷകളാണ്. സംസ്ഥാനത്തുടനീളം വൈദ്യുതി ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ട്. ഇതിനായി കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇ ബസ് നിര്‍മിച്ചു നല്‍കുന്നതിന് സ്വിറ്റ്സര്‍ലാന്‍ഡിലെ ഹെസ്സ് ആന്‍ഡ് കെറ്റാനോ കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേരള ഓട്ടോ മൊബൈല്‍സുമായി സഹകരിച്ച് കേരളത്തില്‍ ഇ ബസ് നിര്‍മിക്കുക. മോട്ടോര്‍ വാഹന വകുപ്പില്‍ സേവന ഫീസ് ഇനത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 126.89 കോടി പിരിച്ചെടുത്തിയതായും മന്ത്രി പറഞ്ഞു. 2016-17ല്‍ 43.27 കോടി, 2017-18ല്‍ 41.72, 2018-19ല്‍ 41.90 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. കഴിഞ്ഞ പത്തുമാസത്തിനിടെ സേവന നിരിക്കില്‍ 10 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here