മുസ്ലീം വോട്ടുകളും കിട്ടില്ല, ഹെെന്ദവ വോട്ടുകളിൽ വിള്ളലും വീഴും: അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശനത്തിൽ എതിർപ്പുയർത്തി കേരള ബിജെപി

0
484

തിരുവനന്തപുരം (www.mediavisionnews.in):  എപി  അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ പാർട്ടിയിലെടുത്തതിൽ നേതൃത്വത്തിനും അണികൾക്കും അതൃപ്തി. അബ്ദുള്ളക്കുട്ടിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലും തൊട്ടടുത്ത കാസർകോടും അണികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.  അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അബ്ദുള്ളക്കുട്ടിയെ സ്വീകരിച്ചതിനാൽ പരസ്യമായ പ്രതിഷേധം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. 

ബിജെപിയിലേക്ക് അബ്ദുള്ളക്കുട്ടിയുടെ വരവുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്നാണ് കേരളത്തിലെ നേതാക്കളുടെ വിലയിരുത്തൽ. സമീപകാലത്തൊന്നും മുസ്ലീം ന്യൂനപക്ഷത്തിൽ നിന്ന് അനുകൂലമായ നിലപാടൊന്നും ഉണ്ടാകില്ലെന്ന നിലപാടാണ് കേരളത്തിലെ പാർട്ടിക്കുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷത്തെ ആകർഷിക്കുന്നതാണ് നല്ലതെന്നാണ് ഇവരുടെ കാഴ്ചപ്പാട്.

അബ്ദുള്ളക്കുട്ടിയെ കൊണ്ടുവരുന്നത് കൊണ്ട് മുസ്ലീം സമുദായത്തിൽ പെട്ടവരാരും പാർട്ടിയോടടുക്കുമെന്ന വിശ്വാസവുമവർക്കില്ല.ഉപതിരഞ്ഞടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയായി വരുമോ എന്ന ആശങ്കയും കേരള ഘടകത്തിനുണ്ട്. അബ്ദുള്ളക്കുട്ടി മഞ്ചേശ്വരത്ത് മത്സരിച്ചാൽ മുസ്ലീം വോട്ട് കിട്ടില്ലെന്നു മാത്രമല്ല പരമ്പരാഗതമായി കിട്ടുന്ന ഹൈന്ദവ വോട്ടുകളിൽ വിള്ളലുണ്ടാവുമെന്നും നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

അബ്ദുള്ളക്കുട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളും നേതാക്കളിൽ ചിലർ കേന്ദ്രഘടകത്തെ അറിയിച്ചതായാണ് വിവരം. മംഗലാപുരത്ത് ഇപ്പോൾ താമസിക്കുന്ന അബ്ദുള്ളക്കുട്ടി വേണമെങ്കിൽ കർണാടകയിൽ പ്രവ‌ർത്തിച്ചോട്ടെ എന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. 

പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയിൽ നിന്ന് അബ്ദുള്ളക്കുട്ടി അംഗത്വം സ്വീകരിക്കുമ്പോൾ കേരളത്തിലെ നേതാക്കളെയാരെയും ക്ഷണിച്ചിരുന്നില്ല. കേന്ദ്ര മന്ത്രി വി.മുരളീധരനും മലയാളിയായ എം.പി രാജീവ് ചന്ദ്രശേഖറും മാത്രമാണ് കൂടെയുണ്ടായിരുന്നത്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here