ന്യൂദല്‍ഹി(www.mediavisionnews.in): രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭയിലെ സീറ്റ് നിരാകരിച്ച നടപടിയില്‍ നിന്ന് പിന്മാറില്ലെന്നും തീരുമാനം അന്തിമമാണെന്നും ജെ.ഡി.യു. ഈ മന്ത്രിസഭയില്‍ മാത്രമല്ല, ഭാവിയിലും എന്‍.ഡി.എയുടെ ഭാഗമായി മന്ത്രിസഭയിലുണ്ടാവില്ലെന്നും ജെ.ഡി.യു അറിയിച്ചു.
ഒരു മന്ത്രിസ്ഥാനം എന്ന ബി.ജെ.പിയുടെ വാഗ്ദാനം സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെ.ഡി.യു മന്ത്രിസഭയില്‍ നിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചത്.
‘അവര്‍ മുന്നോട്ടു വെച്ച നിര്‍ദേശം ജെ.ഡി.യുവിന് സ്വീകാര്യമായിരുന്നില്ല. അതിനാല്‍ ഭാവിയിലും എന്‍.ഡി.എ മന്ത്രിസഭയുടെ ഭാഗമാകേണ്ടതില്ലെന്ന് ജെ.ഡി.യു തീരുമാനിച്ചു. ഇത് അന്തിമ തീരുമാനമാണ്’- ജെ.ഡി.യു ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
ജെ.ഡി.യുവിന് പ്രതീകാത്മക പ്രാതിനിധ്യമല്ല വേണ്ടതെന്നും, സീറ്റുകള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം മന്ത്രിസഭയില്‍ ലഭിക്കണമെന്നുമായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. രണ്ടു മന്ത്രിസ്ഥാനങ്ങളാണ് ജെ.ഡി.യു പ്രതീക്ഷിച്ചത്. എന്നാല്‍ എല്ലാ സഖ്യകക്ഷികള്‍ക്കും ഒരു സീറ്റ് മാത്രം ന്ല്‍കിയാല്‍ മതിയെന്ന് ബി.ജെ.പി തീരുമാനിക്കുകായിരുന്നു.
‘ബി.ജെ.പി നല്‍കിയ വാഗ്ദാനം ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. എന്‍.ഡി.എ മുന്നണിയില്‍ ഉറച്ചു നില്‍ക്കും, പക്ഷെ സര്‍ക്കാരിന്റെ ഭാഗമാവില്ല’ എന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്. അതേസമയം രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നു.
ജെ.ഡി.യു നേതാവായ ആര്‍.സി.പി സിങ് ക്യാബിനറ്റ് മന്ത്രിയാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജെ.ഡി.യു രണ്ട് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവുമാണ് ആവശ്യപ്പെട്ടിരുന്നത്. ചെറു കക്ഷികളായ അകാലിദളിനും രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിയ്ക്കും നല്‍കുന്ന അതേ പരിഗണന മാത്രം കിട്ടുന്നതില്‍ നിതീഷ് കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ബി.ജെ.പിയുടെ നിര്‍ണായക സഖ്യകക്ഷിയാണ് ജെ.ഡി.യു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ മത്സരിച്ച 17ല്‍ 16 സീറ്റുകളിലും ജെ.ഡി.യു ജയിച്ചിരുന്നു.
അടുത്ത വര്‍ഷം ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിലുണ്ടാവുന്ന അകല്‍ച്ച ബി.ജെ.പിയുടെ രാജ്യസഭയിലെ ഭൂരിപക്ഷം എന്ന മോഹത്തെ തന്നെ അട്ടിമറിച്ചേക്കാം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.