ന്യൂഡല്‍ഹി(www.mediavisionnews.in): തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ നടന്നുവരുന്ന മധ്യസ്ത ചര്‍ച്ചകള്‍ വിജയം കണ്ടേക്കില്ലെന്നു സൂചന. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് മധ്യസ്ത ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കെ, ഒരുഭാഗത്ത് അതേ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കോപ്പുകൂട്ടുന്ന സംഘ്പരിവാര്‍ നടപടിയാണ് ചര്‍ച്ചയുടെ ലക്ഷ്യത്തിന് ഭീഷണിയാവുന്നത്. ഒരുഭാഗത്ത് മധ്യസ്ത ചര്‍ച്ച നടക്കുമ്പോഴും മറുഭാഗത്ത് പ്രകോപനപരമായ പ്രസ്താവനകളും നീക്കങ്ങളും സംഘ്പരിവാര്‍ നേതാക്കളില്‍ നിന്നുണ്ടാവുന്നതാണ് ചര്‍ച്ചയുടെ ഫലം സംബന്ധിച്ച് ആശങ്ക ഉയരുന്നത്.
രാമക്ഷേത്ര നിര്‍മാണത്തിനായി അയോധ്യ കേന്ദ്രീകരിച്ചു വി.എച്ച്.പി അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരികയാണ്. രാമക്ഷേത്ര നിര്‍മാണത്തിനുള്ള എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും വസ്തുക്കളംു അയോധ്യയില്‍ എത്തിയതായി വി.എച്ച്.പി നേതാക്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിയുടെ മേലുള്ള തര്‍ക്കത്തില്‍ സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരമാണ് മധ്യസ്ത ചര്‍ച്ചനടന്നുവരുന്നത്. സുപ്രിംകോടതി മുന്‍ ജഡ്ജി മുഹമ്മ്ദ ഇബ്രാഹീം ഖലീഫുല്ല, സംഘ്പരിവാര്‍ സഹയാത്രികനും ജീവനകല ഗുരുവുമായ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരുടങ്ങുന്ന മൂന്നംഗസമിതിയാണ് ചര്‍ച്ചയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്.
മധ്യസ്ത ചര്‍ച്ച പുരോഗമിക്കവെ, ചര്‍ച്ചയുടെ ഫലം അനുകൂലമല്ലെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നു സൂചനനല്‍കി ശിവസേനാ നേതാവ് സഞ്ജയ് റാവത്തും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഇന്നു രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് ശിവസേനയുടെ രാജ്യസഭാ എം.പിയായ സഞ്ജയ് റാവത്ത് പറഞ്ഞത്. രാമക്ഷേത്രം നിര്‍മിക്കാനാണ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിച്ചത്. രാമക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഒരു ക്രെഡിറ്റും എടുക്കാന്‍ ശിവസേനക്ക് താത്പര്യമില്ല. നിര്‍മാണം മോദിയുടെയും യോഗിയുടെയും നേതൃത്വത്തിലായിരിക്കുമെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ബി.ജെ.പി നേതൃത്വം നല്‍കിയ എന്‍.ഡി.എ 2019ല്‍ മികച്ച ഭൂരിപക്ഷം നേടിയത് രാമക്ഷേത്രം നിര്‍മിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
എല്ലാ സാധ്യതകളും അടഞ്ഞാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. രാമജന്‍മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നിത്യഗപാല്‍ ഗാസിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് നടന്നപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മൗര്യ. മധ്യസ്ത ചര്‍ച്ചയുടെ ഫലത്തില്‍ സന്യാസിമാര്‍ തൃപ്തരല്ലെങ്കില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മറ്റുവഴികള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഒന്ന്, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ്. ഈ വിഷയത്തിലെ പ്രധാന തര്‍ക്കവും സുപ്രിംകോടതി മുന്‍പാകെയുള്ള ഈ കേസാണ്. 1992 ഡിസംബര്‍ ആറിന് പള്ളി പൊളിക്കുമ്പോള്‍ അതില്‍ പങ്കെടുത്തവര്‍ക്കും അതിനു നേതൃത്വം കൊടുത്തവര്‍ക്കുമെതിരെയുള്ള കേസാണ് രണ്ടാമത്തേത്. ഇതില്‍ പതിനായിരക്കണക്കിന് കര്‍സേവകരും മുതിര്‍ന്നബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരും പ്രതികളാണ്. ഈ കേസ് നിലവില്‍ ലഖ്‌നോ കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞമാസം പത്തിനാണ് അവസാനമായി ഭൂമി തര്‍ക്കകേസ് പരിഗണിച്ചത്. അന്ന്, മധ്യസ്ത ചര്‍ച്ചയ്ക്കുള്ള സമയപരിധി ആഗസ്ത് 15 വരെ നീട്ട ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബെഞ്ച് ഉത്തരവിടുകയായിരുന്നു. മധ്യസ്ത ചര്‍ച്ച സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് മൂന്നംഗസമിതി നേരത്തെ തന്നേ സുപ്രിംകോടതിക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, മൂന്നംഗ മധ്യസ്ത സമിതി ഇന്നലെ ലഖ്‌നോയിലെത്തി കേസിലെ പ്രധാനകക്ഷികളിലൊന്നായ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. മൂന്നുമണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. സമിതി ക്ഷണിച്ചതു പ്രകാരം തങ്ങള്‍ ചര്‍ച്ചയ്‌ക്കെത്തിയെന്നും തങ്ങളുടെ നിലപാടുകള്‍ അവര്‍ക്കു മുന്‍പാകെ സമര്‍പ്പിച്ചതായും ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹമാനി പറഞ്ഞു. എന്നാല്‍, ചര്‍ച്ചയുടെ സ്വഭാവമോ മറ്റോ അദ്ദേഹം വെളിപ്പെടുത്തിയില്ല.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.