ബംഗളൂരു(www.mediavisionnews.in): അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുസംഘത്തിലെ മുഖ്യ കണ്ണികളായ രണ്ടു ഉപ്പള സ്വദേശികളടക്കം നാലുപേര്‍ ബംഗളൂരുവില്‍ നാര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായി. ബംഗളൂരു വിമാനത്താവള പരിസരത്തുനിന്നാണ് കാരിയറായ സ്ത്രീയെയടക്കം നാലുപേരെയും പിടികൂടിയത്. കാസര്‍കോട് ഉപ്പള സ്വദേശികളായ അബു താഹിര്‍ (23), മുഹമ്മദ് അഫ്സല് (23), ഉത്തരാഖണ്ഡ് സ്വദേശിനി ഖുശ്ബു ശര്‍മ (22), മംഗളൂരു സ്വദേശി മുഹമ്മദ് ആസിഫ് (23) എന്നിവരാണ് അറസ്റ്റിലായത്. സാനിറ്ററി പാഡില്‍ മയക്കുമരുന്ന് കാപ്സ്യൂളുകളാക്കി ഒളിപ്പിച്ച് ബംഗളൂരു വിമാനത്താവളം വഴി ഖത്തറിലെ ദോഹയിലേക്ക് കടത്താനായിരുന്നു പദ്ധതി.
കാരിയര്‍മാരെ റിക്രൂട്ട് ചെയ്ത് ബംഗളൂരു വഴി ദോഹയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി നാര്‍േകാട്ടിക് സെല്‍ ബംഗളൂരു ഡയറക്ടര്‍ എ. ബ്രൂണോക്ക് ലഭിച്ച രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില്‍ ഒരാഴ്ചയായി സംഘം വലവിരിക്കുകയായിരുന്നു. ശനിയാഴ്ച വിമാനത്താവളത്തിെന്റ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ നിന്നാണ് കാരിയറായ സ്ത്രീയടക്കം പിടിയിലായത്.
സാനിറ്ററി പാഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കാപ്സ്യൂളുകള്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ സ്ത്രീയില്‍നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒാസ്റ്റിന്‍ ടൗണിലെ ലിന്‍ഡന്‍ സ്ട്രീറ്റിലെ വീട്ടില്‍നിന്ന് 2.8 കിലോ ഹഷീഷ് ഒായില്‍, 13.6 കിലോ ഹഷീഷ്, 330 ഗ്രാം മെതഫീറ്റമിന്, ഒമ്ബതു കിലോ കഞ്ചാവ് എന്നിവയും കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് മൂന്നുകോടി വിലവരും.
മൂന്നു വര്‍ഷം കാരിയറായിരുന്ന അബുതാഹിര്‍ കഴിഞ്ഞവര്‍ഷം ഖത്തറില്‍നിന്ന് മടങ്ങി മുഹമ്മദ് ആസിഫിനൊപ്പം ബംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് കയറ്റിയയക്കുന്ന ബിസിനസില്‍ ഏര്‍പ്പെടുകയായിരുന്നു. അറസ്റ്റിലായ നാലുപേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.