കുലുക്കി മരിച്ചു, ഫുള്‍ജാര്‍ കൊന്നു

0
189

തൃശൂർ(www.mediavisionnews.in):സാമൂഹികമാധ്യമങ്ങളിലെല്ലാം ഇപ്പോള്‍ ഫുള്‍ജാര്‍ നുരഞ്ഞുപൊന്തുകയാണ്. അടുത്തകാലത്ത് വരെ കുലുക്കിസര്‍ബത്ത് കീഴടക്കിവെച്ചിരുന്ന സാമ്രാജ്യമാണ് ഒരു കുഞ്ഞന്‍ ഗ്ലാസുമായി എത്തി ഫുള്‍ജാര്‍ സോഡ കവര്‍ന്നെടുത്തിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റായും വാട്സ്ആപ്പ് സ്റ്റാറ്റസ് ആയും ടിക് ടോക്ക് വീഡിയോ ആയും ഫുള്‍ജാര്‍ സോഷ്യല്‍ മീഡിയയില്‍ പതഞ്ഞൊഴുകുകയാണ്.

പുതിനയിലയും ഇഞ്ചിയും കാന്താരിമുളകും വേപ്പിലയും കസ്‌കസും കറുവപ്പട്ടയും ചെറുനാരങ്ങനീരും ഉപ്പും പഞ്ചസാര ലായനിയുമുള്‍പ്പെടെയുള്ള ശീതളപാനീയലോകത്തെ ഒട്ടുമിക്ക നാട്ടുരാജാക്കന്മാരും ഫുള്‍ജാറിനൊപ്പം കൂടിയിരിക്കുകയാണ്.

ഒരു ചെറിയ ഗ്ലാസില്‍ നാരങ്ങനീരും കസ്‌കസുമൊഴികെയുള്ള ചേരുവകളെടുത്ത് സോഡയും നാരങ്ങനീരും യോജിപ്പിച്ച മിശ്രിതമൊഴിച്ച വലിയ ഗ്ലാസിലേക്ക് നിക്ഷേപിക്കുമ്പോള്‍ ഉള്ളിലെവിടെയോ ഉസ്താദ് ഹോട്ടല്‍ ബീജിഎം മുഴങ്ങുന്നുണ്ടാവും.

സോഡയുടെ ഉശിരും മിശ്രിതത്തിന്റെ പുളിയും മധുരവും എരിവും നാവില്‍നിന്ന് ആമാശയത്തിലേക്കൊഴുകുമ്പോള്‍ ആ പോക്കിന്റെ വഴി വരെ കുടിക്കുന്നയാള്‍ക്ക് തിരിച്ചറിയാനാവും.

ഒരു ഫുള്‍ജാറിന് ഒരു നാരങ്ങയുടെ നീരും അര സ്പൂണ്‍ ഉപ്പും കാല്‍ ടീസ്പൂണ്‍ വീതം കാന്താരിമുളക്, പുതിന, ഇഞ്ചി എന്നിവ കുഴമ്പ് പരുവത്തിലാക്കിയതും ആവശ്യത്തിന് മധുരവും കസ്‌കസും തന്നെ ധാരാളം.

ഫുര്‍ജാനില്‍ നിന്ന് ഫുള്‍ജാറിലേക്ക്

തായ്ലന്‍ഡിലാണ് ഫുള്‍ജാറിന്റെ ജനനമെന്നാണ് ഫുള്‍ജാര്‍ രുചി തൃശ്ശൂരിന് പരിചയപ്പെടുത്തിയ സോനു പറയുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഉത്തരേന്ത്യയില്‍ എത്തിയിരുന്നു. പക്ഷേ അവിടെയെല്ലാം പാനീയത്തിന്റെ പേര് ഫുര്‍ജാന്‍ എന്നാണ്. കൊറിയന്‍ വാക്കായ ഫുര്‍ജാനെന്നാല്‍ നിര്‍ത്താനാവാത്തത് എന്നത്രേ അര്‍ത്ഥം. വടക്കേ ഇന്ത്യയില്‍ വര്‍ഷങ്ങളായി ഉണ്ടെങ്കിലും കേരളത്തില്‍ കിട്ടിയ സൂപ്പര്‍സ്റ്റാര്‍ പദവിയൊന്നും അവിടെയില്ല.

കേരളത്തില്‍ പെരുമ്പാവൂരിലാണ് ഫുള്‍ജാര്‍ ആദ്യമായി എത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത് കേരളമൊട്ടാകെ പടരുകയായിരുന്നു.

കുലുക്കി മരിച്ചു, ഫുള്‍ജാര്‍ കൊന്നു

ഇന്നലെവരെ മലയാളികള്‍ക്ക് പ്രിയങ്കരമായിരുന്ന കുലുക്കി സര്‍ബത്തെന്ന ഗോലിയാത്തിനെ വീഴ്ത്തിയാണ് ഫുള്‍ജാറിന്റെ വരവ്. കുലുക്കിയുടെ ദുരവസ്ഥ സാമൂഹിക മാധ്യമത്തിലെ ട്രോളന്മാരെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തുന്നത്. എന്നാല്‍ ഫുള്‍ജാറിന്റെ വരവില്‍ സന്തോഷമുണ്ടുതാനും.

കുലുക്കി മരിച്ചു എന്ന ടാഗില്‍ തന്നെ സാമൂഹികമാധ്യമങ്ങള്‍ ഫുള്‍ജാറിന്റെ വരവും കുലുക്കിയുടെ വിയോഗവും ആഘോഷിക്കുന്നുണ്ട്.

ഫുള്‍ജാര്‍ ട്രോള്‍സ്

പുതുതായി എന്താണ് വരുന്നതെന്ന് നോക്കിയിരിക്കുന്ന ട്രോളന്മാരെ ഫുള്‍ജാറിന്റെ അരങ്ങേറ്റം കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. ഫുള്‍ജാര്‍ രീതിക്ക് സമാനമായി വലിയ ടാങ്കുകളില്‍ ചെറിയ ബക്കറ്റിട്ടും മറ്റുമുള്ള വീഡിയോ ട്രോളുകളാണ് ഇത്തവണ താരം.

ഫുള്‍ജാര്‍ കുടിച്ചതിന്റെ അനുഭവങ്ങളും ഫുള്‍ജാറിലെ കുഞ്ഞന്‍ ഗ്ലാസുകളുമൊക്കെയായി ട്രോള്‍ലോകത്തില്‍ ഫുള്‍ജാര്‍ വരവ് വന്‍ തരംഗമായിരിക്കുകയാണ്. ചെറിയ ഗ്ലാസ് ഉള്ളില്‍ കുരുങ്ങി മരിച്ചവര്‍ മുതല്‍ കുടിക്കുന്നതിനിടയില്‍ ഗ്ലാസുണ്ടാക്കുന്ന അസൗകര്യങ്ങള്‍ വരെ ട്രോളില്‍ വിരിയുകയാണ്.

വെറൈറ്റിയാണെങ്കില്‍ കാത്തിരിക്കാനും തയ്യാര്‍

വളരെ പെട്ടെന്നാണ് ഫുള്‍ജാര്‍ തരംഗം കേരളക്കരയിലാകെ പടര്‍ന്നത്. അതുകൊണ്ടുതന്നെ എവിടെക്കിട്ടും ഫുള്‍ജാര്‍ എന്ന ആകുലതയും സാമൂഹികമാധ്യമങ്ങളില്‍ കാണാനാവും. ഓരോ ഫുള്‍ജാര്‍ വീഡിയോയിലും ഫുള്‍ജാര്‍ ടിക്ടോക്കിലും പൊതുവായുള്ളത് എവിടെക്കിട്ടുമെന്ന ചോദ്യമാണ്.

എന്ത് വില വരും

ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണമെന്ന് പറയുന്ന മലയാളി ഫുള്‍ജാറിന്റെ വില ചോദിക്കാതിരുന്നാലാണ് അത്ഭുതം. ഇരുപത് രൂപ മുതലാണ് ഫുള്‍ജാറിന് വില ആദ്യം വന്നത് എങ്കിലും ഡിമാന്‍ഡ് കൂടിയതോടെ വിലയിലും വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്.

മുപ്പത് രൂപയാണ് സാധാരണ ഫുള്‍ജാറിന്റെ ശരാശരി വില. രുചിക്കൂട്ടുകള്‍ കൂടി ചേരുമ്പോള്‍ വില ഇരട്ടിയിലധികമാവും. ഗ്രീന്‍ ആപ്പിള്‍ ഫുള്‍ജാറിന് 80 രൂപയാണ് തൃശ്ശൂരിലെ വില.

രുചിക്കൂട്ടിറങ്ങുന്ന ആവേശത്തില്‍ തുളുമ്പിപ്പോവുന്ന സോഡയോട് എതിര്‍പ്പുള്ളവരും ധാരാളം. വെള്ളം അമൂല്യമായ കാലത്ത് വെള്ളം പാഴാക്കുന്ന പ്രവണതയാണ് ഫുള്‍ജാറുണ്ടാക്കുന്നതെന്നാണ് വിമര്‍ശകരുടെ പക്ഷം. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരും ധാരാളം.

ഫുള്‍ജാര്‍ വീട്ടിലും

പേരിലല്‍പ്പം തലക്കനമുണ്ടെങ്കിലും തയ്യാറാക്കുന്ന വിധം നോക്കിയാല്‍ ആളൊരു പാവത്താനാണ്.

ഉപയോഗിക്കുന്ന വസ്തുക്കളും ഉണ്ടാക്കുന്ന രീതിയും വളരെ എളുപ്പമായതിനാല്‍ തന്നെ വീടുകളില്‍ ഫുള്‍ജാര്‍ പരീക്ഷിക്കുന്നവരും ധാരാളം.

കുലുക്കിക്കാലത്ത് അതുണ്ടാക്കുന്ന ആളായിരുന്നു താരമെങ്കില്‍ ഫുള്‍ജാറില്‍ സ്രഷ്ടാവിന് പാനീയങ്ങള്‍ രണ്ട് ഗ്ലാസുകളില്‍ നിറയ്ക്കുക എന്ന ചുമതല മാത്രമേ ഉള്ളു. ബാക്കിയെല്ലാം കുടിക്കുന്നവരുടെ കൈയിലാണ്.

കൈയില്‍ കിട്ടിയ കുഞ്ഞന്‍ ഗ്ലാസിനെ വലിയ ഗ്ലാസിലേക്ക് ഡൈവ് ചെയ്യിക്കുന്നതോടെ വലിയ ഗ്ലാസിലെ സോഡ പണിതുടങ്ങുകയായി. പിന്നെ ഒറ്റവലി… ഫുള്‍ജാര്‍ ഒറ്റയടിക്ക് കാലിയാക്കുന്നതിലാണ് വൈദഗ്ധ്യം. പിന്നെ ഒരു ആത്മഗതവും- എന്റെ സാറേ…

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here