മാഡ്രിഡ്(www.mediavisionnews.in): യുവേഫ ചാന്പ്യൻസ് ലീഗിൽ ലിവർപൂളിന് കിരീടം. ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ലിവർപൂൾ ആറാം കിരീടം സ്വന്തമാക്കിയത്. യൂറോപ്പ് കീഴടക്കി ആറാം തവണയും ലിവര്‍പൂളിന്‍റെ ചെമ്പട കപ്പില്‍ മുത്തമിട്ടപ്പോള്‍ മെട്രോപൊളിറ്റൻ സ്റ്റേഡിയം ചുവപ്പിൽ മുങ്ങി, യൂറോപ്യൻ ക്ലബ് ഫുട്ബോളും. 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം ആൻഫീൽഡിലേക്കെത്തുന്നത്.
കഴിഞ്ഞ വർഷത്തെ ഫൈനലിൽ റയൽ മാഡ്രിഡിനോട് തോറ്റതിന്‍റെയും ഈ സീസണിലെ പ്രീമിയർ ലീഗിൽ ഒറ്റപ്പോയിന്‍റിന് കിരീടം നഷ്ടമായതിന്‍റെയും കണക്കു തീർക്കുകയായിരുന്നു യുർഗൻ ക്ലോപ്പും സംഘവും. കാറപകടത്തിൽ കൊല്ലപ്പെട്ട സ്പാനിഷ് താരം ഹൊസെ അന്‍റോണിയോ റേയസിനെ ഓർമ്മിച്ച് തുടങ്ങിയ പോരാട്ടം. ഇരുപത്തിമൂന്നാം സെക്കൻഡിൽ തന്നെ കളി ലിവർപൂളിനൊപ്പമെത്തി. റഫറിയുടെ കടുത്ത തീരുമാനം മുഹമ്മദ് സലാ ടോട്ടനത്തിന്‍റെ വലയിലെത്തിച്ചു.
പിന്നെ കളിച്ചത് ടോട്ടനം. തന്ത്രങ്ങളെല്ലാം പയറ്റിയിട്ടും അലിസൺ ബെക്കറെ മറികടക്കാനായില്ല. കളിതീരാൻ മൂന്ന് മിനിറ്റുള്ളപ്പോൾ പകരക്കാരൻ ഡിവോക് ഒറിഗി ടോട്ടനത്തിന്റെ നേരിയ പ്രതീക്ഷയും ചവിട്ടിമെതിച്ചു. 1977ലും 84ലും വെംബ്ലിയിലും 78ലും 81ലും പാരീസിലും 2004ൽ റോമിലും നേടിയ വിജയം മാഡ്രിഡിലും ആവർത്തിച്ച് ഏറ്റവും കൂടുതൽ യൂറോപ്യൻ കിരീടം നേടുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും ലിവർപൂള്‍ സ്വന്തമാക്കി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.