കണ്ണൂര്‍ (www.mediavisionnews.in): കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പരിശോധന. കഞ്ചാവും മൊബൈല്‍ ഫോണുകളും ആയുധങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു.
മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്. പുലര്‍ച്ചെ നാലുമണി മുതലാണ് പരിശോധന തുടങ്ങിയത്.
അതേസമയം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന റെയ്ഡില്‍ ടി.പി വധക്കേസ് പ്രതി ഷാഫിയുടെ കയ്യില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. 2017ല്‍ വിയ്യൂര്‍ ജയിലില്‍ വെച്ചും 2014ല്‍ കോഴിക്കോട് ജയിലില്‍ വെച്ചും ഷാഫിയുടെ കയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുത്തിരുന്നു. യതീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തിലാണ് വിയ്യൂരില്‍ റെയ്ഡ് നടന്നത്.
നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ പിരിവിട്ട് ജയിലില്‍ ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയത്. ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തതിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും.
റെയ്ഡിനിടെ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയിരിക്കുന്നതെന്നും ഋഷിരാജ് സിങ് പറയുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.