ഒരാഴ്ചക്കുള്ളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കിയില്ലെങ്കില്‍ വാഹനവില്‍പ്പന തടയും

0
196

തിരുവനന്തപുരം (www.mediavisionnews.in): അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ വിതരണംചെയ്യാത്ത വാഹന ഡീലര്‍മാരുടെ വില്‍പ്പന തടയാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു. വിറ്റ വാഹനത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കാത്ത ഡീലര്‍മാരുടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. ഇവര്‍ വില്‍ക്കുന്ന പുതിയ വാഹനങ്ങള്‍ക്ക് താത്കാലിക പെര്‍മിറ്റും നല്‍കില്ല. മറ്റു സേവനങ്ങളും തടയും.

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍മാതാക്കളാണ് നല്‍കേണ്ടത്. വാഹനഡീലര്‍മാര്‍ വഴിയാണ് ഇവ വിതരണം ചെയ്യേണ്ടതും. എന്നാല്‍ മിക്ക ഡീലര്‍മാരും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് അച്ചടിക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല.

2019 ഏപ്രില്‍ മുതല്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാണ്. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍മിക്കുമ്പോള്‍ ലഭിക്കുന്ന ഒമ്പതക്ക സുരക്ഷാ കോഡ്, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ വാഹന്‍ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചാലേ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുക്കാനാവൂ. വാഹന ഡീലറാണ് ഈ നമ്പര്‍ വെബ്സൈറ്റില്‍ നല്‍കേണ്ടത്. ഇതിനുശേഷമേ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍.സി പ്രിന്റ് എടുക്കാനാവൂ.

അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഡീലര്‍മാര്‍ വീഴ്ച വരുത്തിയതിനാല്‍ ആര്‍.സി. വിതരണം മുടങ്ങിയിട്ടുണ്ട്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി ദിവസവും ഒട്ടേറെ വാഹനഉടമകളാണ് ആര്‍.ടി. ഓഫീസുകളില്‍ എത്തുന്നത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് പഴികേള്‍ക്കേണ്ട അവസ്ഥയിലാണ് മോട്ടോര്‍വാഹനവകുപ്പും. വാഹനം റജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഡീലര്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കണമെന്നാണ് കേന്ദ്രനിയമം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here