ദില്ലി (www.mediavisionnews.in): പാര്‍ലമെന്‍റിലെ കന്നി പ്രസംഗത്തില്‍ കയ്യടി നേടി തൃണമൂല്‍ എം പി മഹുവ മൊയ്ത്ര. ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച മൊയ്ത്ര ഫാസിസത്തിന്‍റെ ഏഴ് ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തിയ പ്രസംഗം പ്രതിപക്ഷ പാര്‍ട്ടികളെ വരെ അമ്പരപ്പിച്ചു.
നിങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റ് ആണെങ്കിലും വിയോജിപ്പിന്‍റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവണമെന്ന് പറഞ്ഞ് കൊണ്ട് ആരംഭിച്ച പ്രസംഗം ഏകദേശം പത്ത് മിനിറ്റോളം നീണ്ടുനിന്നു. പാര്‍ലമെന്‍റില്‍ രണ്ട് ദിവസമായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കിടെയായിരുന്നു മൊയ്ത്രയുടെ പ്രസംഗം. ആദ്യമായാണ് മഹുവ മൊയ്ത്ര പാര്‍ലമെന്‍റില്‍ പ്രസംഗിക്കുന്നത്.
‘ദേശീയ ബോധം ജനങ്ങളെ ഒന്നിപ്പിക്കണം.. പക്ഷേ അവരെ വിഭജിക്കുന്ന ഒരു ദേശീയതയിലേക്കാണ് നിങ്ങൾ രാജ്യത്തെ കൊണ്ട് പോകുന്നത്. പൗരത്വം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകൾ നിങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ സ്വന്തം വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന കോളേജ് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ കഴിയാത്ത ഭരണാധികാരികളാണ് നിങ്ങൾ ഭ്രാന്തവും അപകടകരവുമായ ഒരു ദേശീയതാ വാദത്തിലേക്ക് രാജ്യം പോവുകയാണ്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട പെഹ്‌ലു ഖാൻ മുതൽ ഇന്നലെ കൊല്ലപ്പെട്ട തബ്രീസ് അൻസാരി വരെയുള്ള മനുഷ്യരെ ഓർക്കണം. ആ പട്ടിക തുടർന്ന് കൊണ്ടേയിരിക്കുകയാണ്. കർഷകരുടെ പ്രശ്നങ്ങളോ തൊഴിലില്ലായ്മയോ അല്ല വ്യാജ വാർത്തകളും വാട്സാപ്പ് ഫേക്കുകളും കൊണ്ടാണ് നിങ്ങൾ തെരഞ്ഞെടുപ്പ് ജയിച്ചത്’- മൊയ്ത്ര ആരോപിച്ചു
രാജ്യത്തെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കണോ അതോ അതിന്‍റെ ശവമടക്കിന് കാര്‍മ്മികത്വം വഹിക്കണോ? എന്ന ചോദ്യവും പാര്‍ലമെന്‍റ് അംഗങ്ങളോടായി മൊയ്ത്ര ചോദിച്ചു.
‘സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ .. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ..'(എല്ലാ വിഭാഗം ജനങ്ങളുടേയും രക്തകണങ്ങൾ ഈ മണ്ണിലുണ്ട്, ആരുടേയും പിതൃ സ്വത്തല്ല ഈ ഹിന്ദുസ്ഥാൻ) എന്ന കവിത കൂടി ചൊല്ലിയാണ് മൊയ്ത്ര തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.