ന്യൂദല്‍ഹി: മോദി സ്തുതി നടത്തി കോണ്‍ഗ്രസില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ദല്‍ഹിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയില്‍ ചേരാന്‍ മോദി തന്നോട് ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇനി ദല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് അബ്ദുള്ളക്കുട്ടിയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയേക്കും. കഴിഞ്ഞ ദിവസം ദുബായ് സബീല്‍ പാര്‍ക്കീല്‍ യോഗാ ദിന പരിപാടിയില്‍ നരേന്ദ്രമോദിയുടെ ടീഷര്‍ട്ട് അണിഞ്ഞ് അബ്ദുള്ളക്കുട്ടി എത്തിയിരുന്നു.
അബ്ദുള്ളക്കുട്ടി താത്പര്യപ്പെടുകയാണെങ്കില്‍ ബി.ജെ.പിയില്‍ അംഗത്വം കൊടുക്കുമെന്ന് സംസ്ഥാന നേതൃത്വവും പറഞ്ഞിരുന്നു.
മോദിയെ സ്തുതിച്ചു കൊണ്ടുള്ള അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍ പുറത്തേക്ക് പോവാന്‍ വേണ്ടിയായിരുന്നുവെന്ന് കോണ്‍ഗ്രസില്‍ വിലയിരുത്തലുണ്ടായിരുന്നു.
മംഗളൂരുവിലേക്ക് അബ്ദുള്ളക്കുട്ടി താമസം മാറിയിരുന്നു. ഇത് കര്‍ണാടകയിലെ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍. ഇക്കാര്യം കെ.പി.സി.സി നേതൃത്വത്തെ കണ്ണൂരിലെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ഉടക്കി നില്ക്കുന്ന ആര്. റോഷന് ബെയ്ഗ് ബി.ജെ.പിയില്‍ ചേരുകയാണെങ്കില്‍ ഒപ്പം ചേരാനാണ് അബ്ദുള്ളക്കുട്ടിയുടെ ആലോചനയെന്നാണ് അറിയുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടി നടത്തുന്ന മോദി സ്തുതിയെന്ന് വി.എം സുധീരന് പറഞ്ഞിരുന്നു. സി.പി.ഐ.എമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തി പ്രവര്‍ത്തിക്കാന്‍ സമയം നല്‍കാതെ എം.എല്‍.എയാക്കിയതില്‍ അന്നത്തെ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായി എന്നും വി.എം സുധീരന് പറഞ്ഞിരുന്നു.
അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്, കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ല, കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലയെന്നും വി.എം സുധീരന് പറഞ്ഞിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.