കാസര്‍കോട് (www.mediavisionnews.in): ജില്ലയിലെ പുഴകളിലും മറ്റു ജലാശയങ്ങളിലും അനധികൃത മണലെടുപ്പ് കര്‍ശനമായി തടയാന്‍ ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. മഞ്ചേശ്വരം ഹാര്‍ബറിലും സമീപപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ മണലെടുത്ത് കടത്തുന്നത് കര്‍ശനമായി തടയണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ചെറുവത്തൂര്‍ മടക്കരയില്‍ നിര്‍മ്മിക്കുന്ന കൃത്രിമ ദ്വീപിന് സമീപം മണലെടുപ്പ് വ്യാപകമാണ്. വലിയപറമ്പ് ഗ്രാമപഞ്ചായത്തിന്റെ നിലനില്‍പ്പിനെപോലും ബാധിക്കുന്ന വിധമാണ് മണലെടുക്കുന്നത്. റോഡ്മാര്‍ഗം അനധികൃത മണല്‍കടത്തുന്ന വാഹനങ്ങള്‍ പിടികൂടുന്നതിനും കര്‍ശന നടപടി സ്വീകരിക്കുന്നതിനും പോലീസ്-റവന്യൂ ഉദ്യോഗസ്ഥരോട് യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ നേരിട്ട് പരിശോധന നടത്തിയാണ് മണല്‍ കടത്ത് തടയുന്നത്. മറ്റ് സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ കളക്ടറുടെ ഇടപെടലില്ലാതെതന്നെ മണലെടുപ്പ് കര്‍ശനമായി തടയാന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയുടെ ജലാശയങ്ങളില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അനധികൃത മണലെടുപ്പിനെതിരെ ജില്ലാവികസന സമിതിയോഗം ആശങ്ക അറിയിച്ചു. എംഎല്‍ എ മാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വി.ഗൗരി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.എ ജലീല്‍, എഡിഎം: സി.ബിജു, ലീഡ് ബാങ്ക് മാനേജര്‍ കണ്ണന്‍, എംപി യുടെ പ്രതിനിധി അഡ്വ.ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്ലാനീംഗ് ഓഫീസര്‍ എസ്.സത്യപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
2018-19 സംസ്ഥാന വാര്‍ഷിക പദ്ധതിയില്‍ നൂറുശതമാനം നേട്ടം കൈവരിച്ച 15 വകുപ്പുകളുടെ ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിച്ചു. എം.എല്‍.എ മാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.