ജയ്പൂര്‍ (www.mediavisionnews.in): ബി.ജെ.പി പോയി കോണ്‍ഗ്രസ് വന്നെങ്കിലും പശുഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ യാതൊരു മാറ്റവും വരുത്താതെ രാജസ്ഥാന്‍ പൊലിസ്. 2017ല്‍ പശു മോഷ്ടാവെന്നാരോപിച്ച് സംഘ്പരിവാര്‍ മര്‍ദിച്ചുകൊലപ്പെടുത്തിയ പെഹ്ലു ഖാനെ മരണശേഷം പ്രതിയാക്കി രാജസ്ഥാന്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. പെഹ്ലു ഖാനെ പശുമോഷ്ടാവായി ചിത്രീകരിക്കുന്ന കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ രണ്ടുമക്കളെയും പ്രതിചേര്‍ത്തിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഡിസംബറില്‍ തയാറാക്കിയ കുറ്റപത്രം മെയ് 29നാണ് ബെഹ്‌റൂറിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേ്റ്റ് മുന്‍പാകെ സമര്‍പ്പിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്‌ചെയ്തു. രാജസ്ഥാനിലെ ഗോഹത്യ തടയല്‍ നിയമത്തിന് കീഴിലെ 5, 8, 9 വകുപ്പുകളാണ് ഖാനെതിരെയും മക്കള്‍ക്കെതിരെയും കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. കാലികളെ കൊണ്ട് പോകാന്‍ ഉപയോഗിച്ച പിക്ക് അപ്പ് ഉടമ എന്നിവര്‍ക്കെതിരെയും കേസുണ്ട്.
ആക്രമണത്തില്‍ ഞങ്ങള്‍ക്ക് പിതാവിനെ നഷ്ടമായി… ഇപ്പോഴിതാ പിതാവിനെയും ഞങ്ങളെയും പ്രതിയാക്കി കുറ്റപത്രവും സമര്‍പ്പിച്ചിരിക്കുന്നു- പെഹ്ലുഖാന്റെ മകന്‍ ഇര്‍ഷാദ് (25) പറഞ്ഞു. സംസ്ഥാനത്ത് വന്ന പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരായ കേസ് പുനപ്പരിശോധിക്കുമെന്നും അതു പിന്‍വലിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാലിപ്പോള്‍ പിതാവിനെയും ഞങ്ങളെയും പ്രതിയാക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ മാറിയാലെങ്കിലും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, ഒരുമാറ്റവുമില്ല- ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു. ഇര്‍ഷാദിനെ കൂടാതെ ചെറിയ മകന്‍ ആരിഫിനെയുമാണ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തത്.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് പെഹ്ലുഖാന്റെ കൂടെ വാഹനത്തില്‍ ഉണ്ടായിരുന്ന അസമത്ത്, റഫീഖ് എന്നിവര്‍ക്കെതിരെയും പശുമോഷണം ആരോപിച്ച് രാജസ്ഥാന്‍ പൊലിസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അധികകുറ്റപത്രത്തില്‍ പെഹ്ലു ഖാന്റെ മക്കളെയും പ്രതിചേര്‍ത്തത്. അന്വേഷണം പൂര്‍ത്തിയാക്കിയതോടെ ആരിഫും ഇര്‍ഷാദും പെഹ്ലു ഖാനും കുറ്റക്കാരാണെന്നു കണ്ടെത്തിയതായി അധിക കുറ്റപത്രത്തില്‍ പറയുന്നു.
2017 ഏപ്രില്‍ ഒന്നിനാണ് രാജസ്ഥാനിലെ കന്നുകാലി ചന്തയില്‍ നിന്ന് പശുക്കളെയും വാങ്ങി ഹരിയാനയിലേക്ക് പോകുകയായിരുന്ന പെഹ്ലുഖാനെയും സംഘത്തെയും അല്‍വാറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ ഹരിയാനയിലെ മെവാത് സ്വദേശിയായ പെഹ്ലുഖാന്‍ ആക്രമണം നടന്ന് രണ്ടാംദിവസം ആശുപത്രിയില്‍ മരിച്ചു. ക്ഷീരകര്‍ഷകനായ പെഹ്ലുഖാന് പശുവിനെ വാങ്ങാനും വില്‍ക്കാനുമുള്ള എല്ലാ രേഖകളും ഉണ്ടായിരുന്നു. കേസ് തുടക്കം മുതല്‍ അട്ടിമറിക്കാനാണ് അന്ന് സംസ്ഥാനം ഭരിച്ച ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. അക്രമികളെ കുറിച്ച് മരണമൊഴിയില്‍ പെഹ്ലുഖാന്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അവരെയെല്ലാം കുറ്റവിമുക്തരാക്കുകയായിരുന്നു പൊലിസ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.