ഉപ്പള (www.mediavisionnews.in): ബേക്കൂർ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ അൽത്താഫ് (47) കൊല്ലപ്പെട്ട കേസിൽ കുമ്പള സി.ഐ രാജീവൻ വലിയ വളപ്പിലിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ബന്തിയോട് കുക്കാറിലെ മൊയ്‌ദീൻ ഷബീർ, സുഹൃത്തുക്കളായ റിയാസ്, ലത്തീഫ് തുടങ്ങി കേസിൽ അഞ്ച് പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികൾ കർണ്ണാടകയിലെ ഉഡുപ്പിയിലേക്ക് കടന്നതായാണ് സൂചന. വലതുകൈയുടെ ഷോൾഡറിന് താഴെയുണ്ടായ ആഴത്തിലുള്ള വെട്ടാണ് അൽത്താഫിന്റെ മരണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് അൽത്താഫിനെ പ്രതാപ് നഗർ പുളികുത്തിയിലെ വീട്ടിൽ നിന്ന് ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. ഷബീറിന്റെ പത്ത് വയസുള്ള മകനെയും ഒപ്പം തട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിയെ പിന്നീട് വിട്ടയച്ചുവെങ്കിലും അൽത്താഫുമായി സംഘം കാറിൽ പലയിടങ്ങളിലും ചുറ്റിക്കറങ്ങുകയായിരുന്നു. ഇതിനിടയിൽ വൈകുന്നേരത്തോടെയാണ് അൽത്താഫിനെ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. അതിനുമുമ്പ് ഇദ്ദേഹത്തെ മർദ്ദിച്ചവശനാക്കുകയും ചെയ്തു. മുറിവിൽ നിന്ന് രക്തം വാർന്നു പോയതാണ് അൽത്താഫിന്റെ മരണത്തിന് കാരണമായാത്. കഴുത്തിലും മുറിവുണ്ടായിരുന്നു.
അൽത്താഫിന്റെ ഭാര്യ ഫാത്തിമയുടെ ആദ്യ വിവാഹത്തിലെ മകൾ സെറീനയുടെ ഭർത്താവാണ് മൊയ്‌ദീൻ ഷബീർ. സെറീന
അൽത്താഫിന്റെ സംരക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ഷബീർ വിവാഹം ചെയ്തത്. വിവാഹ ശേഷം ഭാര്യയുടെ സ്വർണാഭരങ്ങളെല്ലാം ഷബീർ വിറ്റിരുന്നു. മംഗളൂരുവിലെ വാടക വീട്ടിൽ താമസിക്കുന്നതിനിടെ 40 പവൻ സ്വർണ്ണാഭരണങ്ങൾ വേണമെന്നാവശ്യപ്പെട്ട് ഭാര്യയെ ഷബീർ നിരന്തരം മർദ്ദിച്ചിരുന്നുവെത്രെ. മകളുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയതോടെ അൽത്താഫ് മകളെയും കുട്ടിയേയും വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഷബീറിന് സ്വർണമൊന്നും നൽകേണ്ടെന്ന് അൽത്താഫ് മകളോട് പറയുകയും, ഇക്കാര്യം ഷബീറിനെ ഫോണിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് സൂചന. സി.ഐക്ക് പുറമെ കുമ്പള എസ്.ഐ എ സന്തോഷ് കുമാർ, മഞ്ചേശ്വരം എസ്.ഐ അനൂപ് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.