ഫാമിലി വിസിറ്റ് വിസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമെന്ന് സൗദി

0
210

ജിദ്ദ(www.mediavisionnews.in): സൗദിയില്‍ ഫാമിലി വിസിറ്റ് വിസ പുതുക്കുന്നതിന് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് പാസ്‌പോര്‍ട്ട് (ജവാസാത്ത്) വകുപ്പ്. ഇന്‍ഷൂറന്‍സ് ഇല്ലാത്തവരുടെ സന്ദര്‍ശക വീസ പുതുക്കില്ലെന്നും ജവാസാത്ത് വ്യക്തമാക്കി. നേരത്തെ തന്നെ നിലവില്‍ വന്ന നിയമം പലരും കൃത്യമായി പാലിക്കുന്നില്ലെന്നതുകൊണ്ടാണ് അധികൃതര്‍ ഇക്കാര്യം വീണ്ടും ഉണര്‍ത്തിയിരിക്കുന്നത്.

രാജ്യത്തെ വിദേശ ജോലിക്കാര്‍ തങ്ങളുടെ കുടുംബങ്ങളെയും മറ്റും വിസിറ്റ് വിസയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ അവര്‍ക്കു ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. നിശ്ചിത കാലാവധി കഴിഞ്ഞു ഇത്തരം വിസകള്‍ക്ക് അനുവദിക്കപ്പെട്ട സമയം വരെ പുതുക്കുന്നതിനും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

അത്യാഹിത ഘട്ടങ്ങളില്‍ ഒരു ലക്ഷം റിയാല്‍ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സാണ് എടുക്കേണ്ടത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വീസ സേവന വിഭാഗമായ ഇന്‍ജാസ് വഴി ഇന്‍ഷൂറന്‍സ് എടുത്ത ശേഷം അബ്ഷിര്‍ അക്കൗണ്ടില്‍ ഓണ്‍ലൈനായാണ് സന്ദര്‍ശക വീസ പുതുക്കേണ്ടതെന്ന് പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.

ഇന്‍ഷൂറന്‍സ് കാലാവധിയനുസരിച്ചായിരിക്കും സന്ദര്‍ശക വീസ കാലാവധി നിശ്ചയിക്കുക. പരമാവധി 6 മാസത്തേക്കാണ് ആശ്രിതര്‍ക്ക് സന്ദര്‍ശക വീസ അനുവദിക്കുക. ഇത്രയും കാലത്തേക്ക് ഇന്‍ഷുറന്‍സും ഉണ്ടായിരിക്കണം. നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള 90 ലക്ഷം വിദേശികളാണ് സൗദിയിലുള്ളത്.

ഇവരില്‍ കുടുംബസമേതം താമസിക്കുന്നവരും ഏറെ. എന്നാല്‍ ആശ്രിത ലെവി അടക്കം പുതിയ സാമ്പത്തിക ബാധ്യത നിലവില്‍വന്നതോടെ പലരും വീസ റദ്ദാക്കി കുടുംബത്തെ നാട്ടിലേക്ക് അയച്ചിരുന്നു. ഇടയ്ക്കിടെ സന്ദര്‍ശക വീസയില്‍ കുടുംബത്തെ കൊണ്ടുവന്നാണ് പ്രവാസികള്‍ കുടുംബത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here