ആലപ്പുഴ(www.mediavisionnews.in): ജോലിഭാരവും സമ്മർദവും മൂലം പോലീസ് സേനയിലെ തൊണ്ണൂറു ശതമാനം പേരും ജോലിക്ക് കൊള്ളാത്തവരായി മാറിയെന്ന് ഭരണപരിഷ്കാര കമ്മിഷൻ. നിരന്തര ജോലിയും വ്യായാമം ഇല്ലായ്മയും ഇവരെ ജോലിക്ക് സജ്ജരല്ലാത്തവരാക്കി മാറ്റി. കുടവയറും മയക്കം നിറഞ്ഞ മുഖവും അലസത വ്യക്തമാക്കുന്നു. വർക്ക് സ്റ്റഡി നടത്തി കമ്മിഷൻ സർക്കാരിന് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്.
പത്തുശതമാനം പേർ മാത്രമാണ് ചുറുചുറുക്കോടെ ജോലി ചെയ്യുന്നത്. മേലധികാരികൾ ഉടൻ ക്രിയാമത്മക നടപടിയെടുത്ത് പോലീസ് സേനയുടെ ഉണർവ് വീണ്ടെടുക്കണമെന്ന് കമ്മിഷൻ നിർദേശിക്കുന്നു. സമയംനോക്കി ജോലി ചെയ്യുന്നത് സേനയിൽ പ്രായോഗികമല്ലെങ്കിലും പരമാവധി എട്ടുമണിക്കൂർ ജോലിയും ആഴ്ച അവധിയും കർശനമായി നടപ്പാക്കണം.
വാഹനപരിശോധന, തപാൽ ജോലി, ഗതാഗത ക്രമീകരണം എന്നിവയ്ക്കെല്ലാം സേനയിലുള്ളവരെ ഉപയോഗിക്കുന്നത് കുറയ്ക്കണം. പകരം ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കണം. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിച്ചാൽ വൈദ്യപരിശോധന, കേസ് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കൽ എന്നിവയ്ക്കായി ഏറെ സമയം നഷ്ടമാകുന്നു. പോലീസ് സ്റ്റേഷനിൽത്തന്നെ പിഴയടപ്പിച്ച് ഇത് അവസാനിപ്പിക്കാമെന്നാണ് കമ്മിഷൻ നീരീക്ഷിക്കുന്നത്. തപാൽ ജോലിക്ക് ഹോംഗാർഡിനെ ഉപയോഗിക്കണമെന്നും നിർദേശിക്കുന്നു.
പോലീസ് സ്റ്റേഷനുകളെ മൂന്നായി തിരിക്കണം
ക്രിമിനൽ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനുകളെ മൂന്നായി തിരിക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്യുന്നു. മൂവായിരത്തിനു മുകളിൽ ക്രിമിനൽ കേസുള്ള സ്റ്റേഷനുകളെ എ ഗ്രേഡാക്കി ഉദ്യോഗസ്ഥ ക്രമീകരണം നടത്തണം. 2000-3000 കേസുള്ളവയെ ബി ഗ്രേഡായും 2000 വരെ കേസുള്ളവയെ സി ഗ്രേഡായും മാറ്റണം.
എ ഗ്രേഡ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐ., മൂന്ന് ഗ്രേഡ് എസ്.ഐ., മൂന്ന് എ.എസ്.ഐ., 15 സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, 35 സിവിൽ പോലീസ് ഓഫീസർമാർ, അഞ്ച് വനിതാ സിവിൽ പോലീസ് ഓഫീസർമാർ എന്നിങ്ങനെ ഉണ്ടാവണമെന്നാണ് കമ്മീഷൻ പറയുന്നത്.
മറ്റു പ്രധാന ശുപാർശകൾ
* തൊണ്ടിമുതൽ സൂക്ഷിക്കാൻ സ്റ്റേഷനുകളിൽ സുരക്ഷിതമായ സംവിധാനം വേണം.
* സ്റ്റേഷനുകളിൽ ക്രൈം ഡ്യൂട്ടി, ക്രമസമാധാന പാലനം എന്നിവയെല്ലാം കൃത്യമായി വേർതിരിച്ച് നൽകാൻ ഏർപ്പാട് വേണം.
* പ്രതികളെ ആശുപത്രികളിലെത്തിക്കുമ്പോൾ പോലീസിന് പ്രത്യേക പരിഗണന കിട്ടാൻ സർക്കാർ ഇടപെടണം.
* ഗതാഗത കുരുക്കുള്ള സ്ഥലങ്ങൾ, ട്രഷറി, ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ ക്യാമറാ സ്ഥാപിച്ച് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കണം.
* ഡിജിറ്റൽ ഫിംഗർ പ്രിന്റ് സാമഗ്രികൾ ഉൾപ്പെടെയുള്ളവ സ്റ്റേഷനുകളിൽ ലഭ്യമാക്കണം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.