പരിക്കേറ്റ ശിഖര്‍ ധവാന്‍ ഇനി ലോകകപ്പില്‍ കളിക്കില്ല

0
202

ലണ്ടന്‍ (www.mediavisionnews.in):  ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ നിന്ന് പുറത്ത്. വിരലിന് പൊട്ടലേറ്റതോടെ താരത്തിന് വിശ്രമം നല്‍കിയ ടീം മാനേജ്മെന്‍റ് മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്താം എന്ന തീരുമാനത്തിലായിരുന്നു.

സ്റ്റാന്‍ഡ് ബെെ താരമായ ഋഷഭ് പന്ത് ഇംഗ്ലണ്ടിലെത്തിയെങ്കിലും പകരക്കാരനായുള്ള പ്രഖ്യാപനവും നടത്തിയില്ല. ലോകകപ്പ് പുരോഗമിക്കുമ്പോള്‍ സെമിയില്‍ എങ്കിലും ധവാന് കളിക്കാനാകുമെന്നാണ് ടീം മാനേജ്മെന്‍റ് കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പരിക്ക് ലോകകപ്പിന് മുമ്പ് ഭേദമാകില്ലെന്ന് ഉറപ്പായതോടെയാണ് ധവാന് പൂര്‍ണവിശ്രമം നല്‍കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്.

ഇംഗ്ലണ്ടിലുള്ള ഋഷഭ് പന്ത് പകരക്കാരനായി ടീമിലെത്തും. ഇക്കാര്യങ്ങള്‍ ടീം മാനേജ്മെന്‍റ് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉടനുണ്ടാകും. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്‍റെ ഇടതുകൈവിരലിന് പരിക്കേറ്റത്.

പാറ്റ് കമ്മിൻസിന്‍റെ കുത്തിയുയര്‍ന്ന പന്താണ് പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാൻ സെഞ്ചുറിയും നേടി. എന്നാല്‍, ശിഖര്‍ ധവാൻ പിന്നീട് ഫീല്‍‍ഡിംഗിന് ഇറങ്ങിയിരുന്നില്ല.

പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ സ്കാനിംഗിന് വിധേയനാക്കിയപ്പോഴാണ് താരത്തിന്‍റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്. പിന്നീട് ധവാന്‍ ജിമ്മില്‍ പരിശോധിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ താരം ലോകകപ്പില്‍ വീണ്ടും കളിക്കുമെന്ന തോന്നല്‍ വന്നിരുന്നു. ധവാന് പകരം ഓപ്പണര്‍ സ്ഥാനത്ത് എത്തിയ കെ എല്‍ രാഹുല്‍ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഇന്ത്യക്ക് ഇപ്പോള്‍ ആശ്വാസം ആകുന്നത്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here