ഉപ്പള (www.mediavisionnews.in): ഉപ്പള നയാബസാറിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. പഞ്ചായത്തിനെ വിവരം അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെ കോടതി ഉത്തരവുമായാണ് ഒരു സ്വകാര്യ മൊബൈൽ കമ്പനി ഉപ്പള നയാബസാറിലെ സ്വകാര്യ കെട്ടിടത്തിനു മുകളിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ നീക്കം നടത്തിയത്.
മംഗൽപാടി പഞ്ചായത്ത് 21-ആം വാർഡിലാണ് പ്രസ്തുത സ്ഥലം. എന്നാൽ നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ശ്രമം താൽകാലികമായി ഉപേക്ഷിച്ചതായാണ് വിവരം. സ്കൂളുകളും ആശുപത്രിയടക്കമുള്ള നിരവധി സർക്കാർ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് രണ്ട് മൊബൈൽ ടവറുകൾ നിലവിലുണ്ട്. ഇതിനിടയിലാണ് കമ്പനി മറ്റൊരു ടവർ കൂടി സ്ഥാപിക്കാനൊരുങ്ങുന്നത്. എന്നാൽ ടവർ സ്ഥാപിക്കുന്ന കെട്ടിടത്തിന് ബലക്ഷയം ഇല്ലന്നാണ് അധികൃതർ പറയുന്നത്.
അതിനിടെ സ്വകാര്യ കമ്പനി മൊബൈൽ ടവർ സ്ഥാപിക്കുന്ന കാര്യം പഞ്ചായത്ത് പ്രസിഡന്റോ പ്രദേശത്തെ വാർഡ് മെമ്പറെയോ അറിയിച്ചിട്ടു പോലുമില്ല. പഞ്ചായത്ത് സെക്രട്ടറി കോടതി ഉത്തരവ് നടപ്പിലാക്കാൻ അനുമതി നൽകിയതായാണ് പ്രഥമിക വിവരം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.