കൊലപാതകങ്ങളും അക്രമങ്ങളും തുടർകഥയാകുമ്പോഴും യാഥാർത്ഥ്യമാകാതെ ഉപ്പള പോലീസ് സ്റ്റേഷൻ

0
534

ഉപ്പള (www.mediavisionnews.in): അക്രമങ്ങളും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളും ആവർത്തിക്കുമ്പോഴും കുറ്റകൃത്യങ്ങൾ കർശനമായി തടയാൻ പൊലീസിന് കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. ക്രമസമാധാനവും അന്വേഷണവും കാര്യക്ഷമമാകുന്നതിനായി ഉപ്പളയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന അധികാരികളുടെ വാഗ്ദാനം ഇനിയും യാഥാർഥ്യമായില്ല.

ഉപ്പളയിലും പരിസരങ്ങളിലും ദിനംപ്രതി വർധിച്ചുവരുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുത്താൻ പോലീസിന്റെ പ്രവർത്തനം ശക്തമാക്കണമെന്നും ഇതിനായി പോലീസ് സ്റ്റേഷൻ അനിവാര്യമാണെന്നും നാട്ടുകാർ പറയുന്നു.

കഴിഞ്ഞദിവസം ബേക്കൂർ സ്വദേശി അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തോടെ നാട്ടുകാർ ഭയത്തോടെയാണ് കഴിയുന്നത്. ഈ കൊലപാതകത്തിന് മുമ്പും നിരവധി കുറ്റകൃത്യങ്ങൾ കുമ്പള, ഉപ്പള പോലീസ് സ്റ്റേഷൻ പരിധികളിയായി നടന്നിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് കൂറ്റകൃത്യങ്ങൾക്കെതിരെ ശക്തമായി നടപടിയെടുക്കുന്നതിന്റെ ഭാഗമായി ഉപ്പളയിൽ പോലീസ് സ്റ്റേഷൻ അനുവദിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പോലീസ് സ്റ്റേഷന്റെ കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഏതാനും മാസങ്ങൾക്ക്മുമ്പ് സർക്കാർ പൈവളികയിൽ പോലീസ് സ്റ്റേഷൻ അനുവദിച്ചതായി അറിയിച്ചിരുന്നു.

ഉപ്പളയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ പൈവളികയിൽ സ്റ്റേഷൻ അനുവദിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നാട്ടുകാർക്കിടയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവന്നത്.

ഒരുമാസത്തിനിടെ മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷൻ പരിധികളിലായി പത്തോളം അക്രമങ്ങളാണ് നടന്നത്. ഉപ്പള, ബായാർ, പൈവളികെ, തലപ്പാടി, എന്നിവിടങ്ങളിലാണ് അക്രമങ്ങൾ നടന്നത്. എന്തെങ്കിലും സംഭവങ്ങളുണ്ടായാൽ മഞ്ചേശ്വരം പൊലീസിന് ഈ ഭാഗങ്ങളിൽ എത്തിപ്പെടാൻ കിലോമീറ്ററോളം സഞ്ചരിക്കണം. ഇതിനിടെ റെയിൽവേ ഗേറ്റ് അടച്ചിട്ടാൽ പോലീസ് ജീപ്പ് ഏറെ നേരം പാതിവഴിയിൽ കുടുങ്ങുന്നു. ഇതോടെ സംഭവ സ്ഥലത്തേക്കു എത്തിച്ചേരാൻ വൈകുകയും ചെയ്യുന്നു. പല അക്രമ കേസുകളിലെയും പ്രതികൾ ഇപ്പോഴും പൊലീസിന് പിടികൊടുക്കാതെ വിലസുകയാണ്. കുറ്റകൃത്യങ്ങൾക്ക് ശേഷം പ്രതികൾ കർണാടക അതിർത്തിയിലേക്ക് രക്ഷപ്പെടുന്നത് പോലീസിന്റെ തലവേദന ഇരട്ടിപ്പിക്കുന്നു. ഇതുകാരണമാണ് പ്രതികളെ പിടികൂടാൻ വൈകുന്നത്. സന്ധ്യ മയങ്ങിയാൽ ഉപ്പളയിലും പരിസരങ്ങളിലും ആയുധങ്ങളുമായാണ് ഗുണ്ടാ സംഘങ്ങൾ റോന്ത് ചുറ്റുന്നത്.

ഗൾഫുകാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടൽ, രാത്രികാലങ്ങളിൽ മണൽ ലോറികളും മറ്റ് വാഹങ്ങളും ദേശിയ പാതയിൽ തടഞ്ഞ് നിർത്തി തോക്ക് ചൂണ്ടി പണം ആവശ്യപ്പെടാൻ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സംഘം ഏർപ്പെടുന്നു. ജീവഭയം കാരണം പലരും ഇതുസംബന്ധിച്ച പരാതി നൽകാറില്ല. ഉപ്പളയിൽ പോലീസ് സ്റ്റേഷൻ അനുവദിച്ചാൽ ഒരു പരിധിവരെ അക്രമങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് നാട്ടുകാർ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here