ഐ.എസില്‍ ചേര്‍ന്ന കാസര്‍കോഡ് സ്വദേശി കീഴടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്

0
224

ന്യൂദല്‍ഹി(www.mediavisionnews.in): ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോയെന്ന് വിശ്വസിക്കപ്പെടുന്ന കാസര്‍കോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാന്‍ രാജ്യത്തേക്ക് മടങ്ങി വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചാണ് ഫിറോസ് തിരിച്ചു വരണമെന്ന് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ വൃത്തങ്ങളെയും ബന്ധുക്കളെയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

”ഫിറോസ് കഴിഞ്ഞ മാസം വിളിച്ചിരുന്നു. അവന്റെ ഉമ്മ ഹബീബയുമായി സംസാരിച്ചപ്പോള്‍ തിരിച്ചുവരാനും കീഴടങ്ങാനും ആഗ്രഹം പ്രകടിപ്പിച്ചു. അമേരിക്കന്‍ പിന്തുണയുള്ള സഖ്യസേന ഐ.എസിനെ തുരത്തിയതിന് പിന്നാലെയാണ് ഫോണ്‍ വന്നത്. കടുത്ത പട്ടിണിയില്‍ ഭക്ഷണമില്ലാതെ കഴിയുകയാണെന്ന് ഉമ്മയോട് അവന്‍ പറഞ്ഞു” ഒരു ബന്ധു ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

”തിരിച്ചു വന്നാല്‍ കേസ് ഉണ്ടാവുമോയെന്നും കീഴടങ്ങനാണ് ആഗ്രഹിക്കുന്നതെന്നും ഫിറോസ് പറഞ്ഞു. പക്ഷെ എവിടെ വെച്ച് കീഴടങ്ങുമെന്ന് ഫിറോസ് പറഞ്ഞില്ല. ഇതിന് ശേഷം അവന്റെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല” ബന്ധു പറയുന്നു.

ഫിറോസ് കുടുംബത്തെ ഫോണ്‍ വിളിച്ചത് അറിയാമെന്ന് അധികൃതര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് പറഞ്ഞു. ഇയാള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

നേരത്തെ ഐ.എസില്‍ ചേര്‍ന്ന കാസര്‍കോഡ് സ്വദേശി റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനില്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഖുറസാന്‍ പ്രദേശത്ത് നിന്ന് ഐ.എസ് അയച്ച ടെലഗ്രാം സന്ദേശത്തിലാണ് യു.എസ് വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റാഷിദിനെ കൂടാതെ വേറെയും ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here