ഉപ്പള ബേക്കൂറിൽ ഭാര്യാ പിതാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൈ ഞരമ്പ് മുറിച്ച ശേഷം ഉപേക്ഷിച്ചു; മുങ്ങിയ യുവാവിനെ പോലീസ് തിരയുന്നു

0
457

ഉപ്പള (www.mediavisionnews.in): ഭാര്യ പിതാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൈഞരമ്പ് മുറിക്കുകയും ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഉപ്പള ബേക്കൂർ സ്വദേശിയായ 52 കാരനെയാണ് മകളുടെ ഭർത്താവ് കാറിൽ തട്ടിക്കൊണ്ടുപോയത്. ബേക്കൂർ സ്വദേശി ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് ഭാര്യാ പിതാവിനെ അപായപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നുവെന്ന് സംശയിക്കുന്നു.

സോങ്കാൽ പ്രതാപ് നഗറിലെ വീട്ടിലാണ് ഈ യുവാവും ഭാര്യയയും കുട്ടിയുമടങ്ങുന്ന കുടുംബം താമസിച്ചുവരുന്നത്. യുവാവ് ഭാര്യയേയും കുട്ടിയേയും മർദിക്കുന്നത് പതിവാണെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ രാവിലെയും യുവാവ് ഭാര്യയെയും കുട്ടിയേയും ക്രൂരമായി മർദിച്ചു. ഇതോടെ ബന്ധുക്കൾ ബേക്കൂർ സ്വദേശിയെ ഫോണിൽ വിളിക്കുകയും കൂട്ടിക്കൊണ്ടു പോകണമെന്ന് അറിയിക്കുകയും ചെയ്തു. രാവിലെ 11 മണിയോടെ പിതാവ് എത്തി യുവതിയെയും 10 വയസുള്ള മകനെയും ബേക്കൂറിലെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഈ സമയം യുവതിയുടെ ഭർത്താവ് പ്രതാപ്‌ നഗറിലെ വീട്ടിലുണ്ടായിരുന്നില്ല. വൈകിട്ട് 3 മണിയോടെ വീട്ടിലെത്തിയ യുവാവ് ഭാര്യയേയും കുട്ടിയേയും കൊണ്ടുപോയതറിഞ്ഞ് ബേക്കൂറിലെ വീട്ടിലെത്തി. തുടർന്ന് ഭാര്യാ പിതാവിനെയും കുട്ടിയേയും യുവാവ് കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ബേക്കൂർ സ്വദേശിയെ യുവാവ് ഭീഷണിപ്പെടുത്തി ഭാര്യയുടെ ഫോണിലേക്ക് വിളിപ്പിക്കുകയും തന്റെ ആവശ്യങ്ങൾ അറിയിക്കുകയും ചെയ്തു. മകനെ വീട്ടിൽ കൊണ്ടുവിടാമെന്നും 40 പവൻ സ്വർണ്ണാഭരണങ്ങളുമായി യുവതി ഭർത്താവിന്റെ വീട്ടിൽ പോകണമെന്നുമായിരുന്നു ഫോണിലൂടെയുള്ള നിർദ്ദേശം. ഈ ആവശ്യം യുവതി അംഗീകരിച്ചതോടെ മകനെ ഓട്ടോറിക്ഷയിൽ പറഞ്ഞ് വിട്ടു.

ഇതിനിടെ യുവതി പിതാവിനെയും മകനെയും ഭർത്താവ് തട്ടിക്കൊണ്ടു പോയതായി കാണിച്ച് പോലീസിൽ പരാതി നൽകി. പോലീസ് സംഘം അന്വേഷണത്തിനായി യുവാവിന്റെ വീട്ടിലെത്തി. ഇതോടെ യുവാവ് വീട്ടിൽ പോകാതെ കാറിൽ ഭാര്യാ പിതാവിനെയും കൊണ്ട് കടന്നുകളയുകയായിരുന്നു.

കുമ്പള സി.ഐ രാജീവൻ വലിയ വളപ്പ്, എസ്.ഐ എ സന്തോഷ് കുമാർ, മഞ്ചേശ്വരം എസ്.ഐ അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് അഞ്ച് മുതൽ ഇന്ന് പുലർച്ചെ വരെ 5 ജീപ്പുകളിലായി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെയും ഭാര്യാ പിതാവിനെയും കണ്ടെത്താനായില്ല. മംഗളൂരു, സുള്ള്യ എന്നിവിടങ്ങളിലും അന്വേഷണം നടത്തി.

ഇതിനിടെയാണ് ഭാര്യാ പിതാവിനെ ദേർളക്കട്ട ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതായുള്ള വിവരം പൊലീസിന് ലഭിച്ചത്. ഇന്ന് രാവിലെ യുവാവിനെ ബേക്കൂർ ഭാഗത്ത് കണ്ടതായുള്ള വിവരത്തെ തുടർന് അന്വേഷണം ഈ ഭാഗത്തും നടക്കുന്നുണ്ട്. അന്വേഷണത്തിന് കുമ്പള പോലീസ് കർണാടക പോലീസിന്റെ സഹായവും തേടി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here