റിയാദ്(www.mediavisionnews.in): സൗദിയിൽ വിദേശികളായ താമസക്കാർക്ക് ഇനി ഉയർന്ന ശ്രേണിയിലുള്ള രണ്ട് തരം താമസ രേഖകൾ അഥവാ ഇഖാമ അനുവദിക്കും. ഇതിന് മന്ത്രിസഭാ ഉപദേശക സമിതിയായ ശൂറാ കൗൺസിൽ അംഗീകാരം നൽകി. രണ്ട് തരത്തിലാകും ഇഖാമ. ഒന്ന് താൽക്കാലികമായി അനുവദിക്കുന്നവ. രണ്ട് ഇഷ്ടാനുസരണം ദീർഘിപ്പിക്കാവുന്നവ.
പ്രിവിലേജ്ഡ് ഇനത്തിൽപെട്ട ഇഖാമയ്ക്കാണ് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുക. നിലവിലുള്ള ഇഖാമ കൂടാതെയാണ് വിദേശികൾക്ക് മറ്റൊരു ഗ്രേഡിലുള്ള ഇഖാമ കൂടി അനുവദിക്കുന്നത്. ശൂറാ കൗൺസിൽ അംഗീകാരം നൽകിയെങ്കിലും പ്രിവിലേജ് വിഭാഗത്തിൽപെട്ട ഇഖാമ നടപടികൾക്ക് അൽപം സമയമെടുക്കും.
ഇതിനായി ഏതാനും നിബന്ധനകൾ കൂടിയുണ്ട്. പ്രിവിലേജ് ഇഖാമ ലഭിക്കുന്നവർക്ക് ഫാമിലി സ്റ്റാറ്റസ് ലഭിക്കും. ബന്ധുക്കൾക്ക് സന്ദർശന വിസയും ലഭിക്കും. സൗദിയിൽ റിയൽ എസ്റ്റേറ്റ് വസ്തുവകകൾ സ്വന്തമാക്കാനും ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാനും അുവദിക്കും.
സൗദി സമ്പദ്ഘടനക്ക് മെച്ചമുണ്ടാകുംവിധം നിക്ഷേപമിറക്കുന്ന വിദേശികൾക്കാണ് ഇപ്പോൾ പ്രവിലേജ്ഡ് ഇഖാമകൾ അനുവദിക്കുവാൻ ശുറ കൗൺസിൽ അംഗീകാരം നൽകിയിട്ടുള്ളത്. വിദേശ നിക്ഷേപകരേയും ബിസിനസുകാരേയും രാജ്യത്തേക്ക് ആകർഷിക്കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.