കാസർകോട്(www.mediavisionnews.in): വോട്ടെണ്ണാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ജില്ലയിലെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ. വോട്ടെണ്ണൽ കേന്ദ്രമായ പടന്നക്കാട് നെഹ്രു കോളേജിൽ പോസ്റ്റൽ വോട്ടുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും രാവിലെ വരണാധികാരിയുടെ മേൽനോട്ടത്തിലാണ് എണ്ണുക.
വോട്ടെണ്ണൽ ഉദ്യോഗസ്ഥരായ കൗണ്ടിങ് സൂപ്പർവൈസർമാർക്കും കൗണ്ടിങ് അസിസ്റ്റന്റുമാർക്കും ടെക്‌നിക്കൽ ടീമിനും പരിശീലനം നല്കി. മൈക്രോ ഒബ്‌സർവർമാർക്കുള്ള പരിശീലനം 21-ന് രാവിലെ 9.30ന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ആരംഭിക്കും.
കൗണ്ടിങ് ഏജന്റുമാർ രാവിലെ ആറിന് എത്തണം
വോട്ടെണ്ണൽദിവസം രാവിലെ ആറിനുതന്നെ സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്റുമാർ വോട്ടെണ്ണൽ കേന്ദ്രമായ പടന്നക്കാട് നെഹ്രു കോളേജിൽ റിപ്പോർട്ട് ചെയ്യണം. മൊബൈൽഫോൺ കൗണ്ടിങ് സ്ഥലത്ത് അനുവദിക്കില്ല. കൊണ്ടുവരുന്നവരുടെ മൊബൈൽഫോണുകൾ പിടിച്ചുവയ്ക്കും. പുറത്തുനിന്ന് ഭക്ഷണസാധനങ്ങളും വെള്ളവും കൊണ്ടുവരാൻ അനുവദിക്കില്ല.
വോട്ടെണ്ണൽ ഇങ്ങനെ
മൊത്തം 15 റൗണ്ടുകളിലായിട്ടാണ് വോട്ടെണ്ണൽ നടക്കുക. കൗണ്ടിങ് ടേബിളുകൾ കുറഞ്ഞ ഉദുമയിൽ 15 റൗണ്ടിലധികം റൗണ്ടുകളിലായിട്ടാകും വോട്ടുകൾ എണ്ണുക. ഒരു റൗണ്ടിൽ 89 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. പോസ്റ്റൽ വോട്ടുകളും ഇ.വി.എം. വോട്ടുകളും എണ്ണിത്തീർത്തനിനുശേഷമാണ് വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണുക.
വി.വി.പാറ്റ് എണ്ണുന്നത്
നാല് സാഹചര്യങ്ങളിലാണ് വി.വി.പാറ്റ് എണ്ണുന്നത്. ഓരോ നിയമസഭാ മണ്ഡലങ്ങളിൽനിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് സ്ലിപ്പുകൾ നിർബന്ധമായും എണ്ണും. ഇതോടൊപ്പം ഇ.വി.എമ്മിന്റെ ഡിസ്‌പ്ലേ കൃത്യമായി പ്രവർത്തിക്കുന്നില്ലെങ്കിലും വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണും. മോക് പോൾ നീക്കംചെയ്യാത്ത വോട്ടിങ് യന്ത്രത്തിന്റെ വി.വി.പാറ്റ് സ്ലിപ്പുകളും വോട്ടിങ് യന്ത്രത്തിൽ ക്ലോസ് ബട്ടൻ ഉപയോഗിക്കാതെ സീൽചെയ്ത വോട്ടിങ് യന്ത്രങ്ങളുടെ വി.വി.പാറ്റ് സ്ലിപ്പുകളും എണ്ണും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.