കാസര്‍കോട്(www.mediavisionnews.in) : പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്ക് ഇനി പുതിയ ജഡ്ജി. വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കെ ഇപ്പോഴത്തെ ജഡ്ജി മനോഹരന്‍ കിണി മെയ് 31ന് വിരമിക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജൂണ്‍ 4ലേക്ക് മാറ്റിവെച്ചു.
ഇനി ചുമതലയേല്‍ക്കുന്ന പുതിയ ജഡ്ജിയുടെ സാന്നിധ്യത്തിലായിരിക്കും റിയാസ് മൗലവി വധക്കേസിന്റെ വിചാരണ തുടരുക. പുതിയ ജഡ്ജി ജൂണ്‍ 1ന് തന്നെ ചുമതലയേല്‍ക്കുമെന്നാണ് വിവരം.
കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍. പ്രമാദമായ ഈ കൊലക്കേസില്‍ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതിയിലെത്തിയിരുന്നതിനാല്‍ വിചാരണ ഇടയ്ക്ക് മുടങ്ങിയിരുന്നു. ഇക്കാര്യത്തില്‍ ജില്ലാ കോടതിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് വിചാരണ പുനരാരംഭിച്ചത്. 2017 മാര്‍ച്ച് 21 ന് അര്‍ധരാത്രിയാണ് റിയാസ് മൗലവിയെ പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് അതിക്രമിച്ച് കയറിയ സംഘം കുത്തി കൊലപ്പെടുത്തിയത്.
ഈ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 1000 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ദൃക്‌സാക്ഷികളടക്കം 100 സാക്ഷികളാണുള്ളത്. ഭൂരിഭാഗം സാക്ഷികളെയും ഇതിനകം വിസ്തരിച്ചിച്ചുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.