രാജിക്കൊരുങ്ങി രാഹുൽ, പിന്തിരിപ്പിക്കാൻ പ്രിയങ്കയും മൻമോഹനും, നിർണ്ണായക വർക്കിങ് കമ്മറ്റി യോഗം തുടരുന്നു

0
195

ദില്ലി(www.mediavisionnews.in): തോൽവി ചർച്ച ചെയ്യാൻ ചേർന്ന എ ഐ സി സി പ്രവർത്ത സമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചു. എന്നാൽ രാഹുൽ രാജി വയ്ക്കേണ്ടതില്ലെന്ന് മൻമോഹൻ സിംഗും പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടുവെന്നാണ് വിവരം. രാഹുലിന്‍റെ രാജി സന്നദ്ധത എഐസിസി പ്രവർത്തകസമിതി തള്ളാനാണ് സാധ്യത.

രാജി വയ്ക്കുമെന്ന നിലപാടിൽ ശക്തമായി ഉറച്ചു നിന്നാൽ മാത്രമേ രാഹുൽ ഗാന്ധിയുടെ തീരുമാനം എഐസിസി അംഗീകരിക്കാൻ സാധ്യതയുള്ളൂ. എന്നാൽ, പ്രവർത്തകസമിതി അത് അംഗീകരിക്കാനുള്ള സാധ്യത വളരെക്കുറവാണ്. ഇപ്പോൾ രാജി വയ്ക്കുന്നത് താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് തെറ്റായ സന്ദേശമാകും നൽകുകയെന്നും തീരുമാനം മാറ്റണമെന്നും സോണിയാഗാന്ധി രാഹുലിനോട് നേരത്തേ വ്യക്തമാക്കിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന്റെ റിപോർട്ടുകൾ പുറത്തു വന്ന അന്നു തന്നെ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാൻ രാഹുൽ സന്നദ്ധത അറിയിച്ചിരുന്നു. അന്ന് എഐസിസി പ്രവ‍ർത്തക സമിതി ചേരും വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് രാഹുലിനോട് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. അന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ സംസാരിക്കുന്ന പോഡിയത്തിന് പുറത്ത് പ്രിയങ്കാ ഗാന്ധിയും നിൽക്കുന്നത് കാണാമായിരുന്നു. ആശങ്ക നിറഞ്ഞ മുഖവുമായാണ് അന്ന് പ്രിയങ്ക രാഹുലിന്‍റെ വാർത്താ സമ്മേളനത്തിനിടെ നിന്നത്.

അതേസമയം വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മികച്ച ഭൂരിപക്ഷം നൽകി വിജയിപ്പിച്ചതിന് കേരളത്തിലെ ജനങ്ങളോട് രാഹുൽ നന്ദിയും പറഞ്ഞു. അമേഠിയിലെ തോൽവി അംഗീകരിക്കുന്നതായി പറഞ്ഞ രാഹുൽ സ്നേഹത്തോടെ സ്മൃതി സ്വന്തം മണ്ഡലം നോക്കട്ടെയെന്ന് ആശംസിക്കുന്നതായും പറഞ്ഞു.

”കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും നന്ദി. നരേന്ദ്രമോദി അധികാരത്തിൽ തുടരണമെന്ന് ജനങ്ങൾ തീരുമാനിച്ചു, അതിനെ ബഹുമാനിക്കുന്നു. ഇന്ന് തന്നെ ജനവിധിയെക്കുറിച്ച് വിശദമായി സംസാരിക്കാനാഗ്രഹിക്കുന്നില്ല. ഇത് ആശയങ്ങളുടെ പോരാട്ടമാണ്, പ്രവർത്തകർ ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്. ഭയപ്പെടരുത്, പോരാട്ടം അവസാനിക്കുന്നില്ല” –  രാഹുൽ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here