യു.പിയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി, തിരഞ്ഞെടുപ്പിന്റെ പാതിവഴിയില്‍ സഖ്യകക്ഷി പിന്മാറി

0
448

ലഖ്നൗ(www.mediavisionnews.in): ബി.ജെ.പിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍നിന്നും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്.ബി.എസ്‌.പി) അദ്ധ്യക്ഷനും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭര്‍ രാജിവച്ചു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. സര്‍ക്കാരിന്റെ സഖ്യകക്ഷിയാണ് സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി. സുഹേല്‍ദേവ് ഭരതീയ സമാജ് പാര്‍ട്ടിക്ക്‌ യു.പി. നിയമസഭയില്‍ നാല് എം.എല്‍.എ.മാരാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സീറ്റ് നിഷേധിച്ചതെ തുടര്‍ന്ന് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി നേരത്തേ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ 39 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിരുന്നു. “ഞാന്‍ ഏപ്രില്‍ 13-ന് രാജിക്കത്ത് നല്‍കിയിരുന്നതാണ്. എന്നാല്‍, ബി.ജെ.പി. ഇതുവരെ അത് അംഗീകരിച്ചില്ല. എനിക്ക്‌ യോഗി സര്‍ക്കാരില്‍ ഇനി ഒന്നും ചെയ്യാനില്ല”- ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരും കൊടിയും ബി.ജെ.പി. ദുരുപയോഗം ചെയ്യുന്നെന്ന് സുഹേല്‍ദേവ് ഭരതീയ സമാജ് പാര്‍ട്ടി പരാതിപ്പെട്ടിരുന്നു. “പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിലും ബി.ജെ.പി. എന്റെ ചിത്രം ഉപയോഗിച്ചു. അതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്”-രാജ്ഭര്‍ അറിയിച്ചു.

2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്ഭറിന്റെ പാര്‍ട്ടി നാല് സീറ്റുകളില്‍ വിജയിച്ചിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ജനസംഖ്യയുടെ 20 ശതമാനം രാജ്ഭര്‍ സമുദായത്തില്‍പെട്ടവരാണ്. യാദവര്‍ക്കുശേഷം ഉത്തര്‍പ്രദേശിലെ രണ്ടാം പ്രബല സമുദായമാണിവര്‍. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു. ഉത്തര്‍പ്രദേശാണ് വോട്ടെടുപ്പ് ബാക്കിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. 41മണ്ഡലങ്ങളാണ് ഇവിടെ ബാക്കിയുള്ളത്. മേയ് 12-നും 19-നും ആണ് ഇനി കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here