മുഖാവരണ നിരോധനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ എന്തു വിലകൊടുത്തും നേരിടും; ഫസല്‍ ഗഫൂറിനെതിരേ വീണ്ടും സമസ്ത

0
451

കോഴിക്കോട്(www.mediavisionnews.in): മുഖാവരണം നിരോധിച്ചുകൊണ്ടുള്ള തീരുമാനത്തില്‍ നിന്ന് ഫസല്‍ ഗഫൂര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം അതിനെ എന്തു വിലകൊടുത്തും നേരിടുമെന്നും സമസ്ത നേതാക്കള്‍. കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളത്തിലാണ് എം.ഇ.എസിന്റെ സ്ഥാപനങ്ങളില്‍ വരുന്ന അധ്യയനവര്‍ഷം മുതല്‍ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെതിരായ നിലപാട് അവര്‍ ആവര്‍ത്തിച്ചത്.

‘മതപണ്ഡിതന്മാര്‍ക്കെതിരേ ഫസല്‍ ഗഫൂര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ അതിരുകടക്കുന്നുണ്ട്. ഇതു തുടര്‍ന്നാല്‍ മുസ്‌ലിം സമുദായം നോക്കിനില്‍ക്കില്ല. ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. അതനുവദിച്ചുകൊണ്ടു സ്ഥാപനങ്ങള്‍ നടത്താന്‍ എം.ഇ.എസ് മുന്നോട്ടുവരണം. സമസ്ത പ്രസ്താവനകള്‍ നിര്‍ത്തണമെന്നാണു കഴിഞ്ഞദിവസം ഫസല്‍ ഗഫൂര്‍ പറഞ്ഞത്. സമസ്തയെ വിലക്കാന്‍ ഫസല്‍ ഗഫൂറിന് അധികാരമില്ല. ഇക്കാര്യം മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍.

മുഖാവരണമിട്ട് കോളേജുകളിലേക്കു വരാന്‍ താത്പര്യമുള്ള വിദ്യാര്‍ഥിനികള്‍ക്കും അധ്യാപികമാര്‍ക്കും ആവശ്യമായ നിയമസഹായം നല്‍കുമെന്ന് എസ്.കെ.എസ്.എസ്.എഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനായി പ്രത്യേകം നിയമവിദഗ്ധരെ നിയമിച്ചിട്ടുണ്ട്. എം.ഇ.എസിനെതിരേ നീക്കം കടുപ്പിക്കാന്‍ സമസ്ത പ്രത്യേകം കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം വിളിച്ചിട്ടുമുണ്ട്.

മുഖാവരണം ധരിച്ചതിന്റെ പേരില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടാല്‍ അവര്‍ക്കു സംഘടന എല്ലാ പിന്തുണയും നല്‍കും. ഇത്തരം പൗരാവകാശ ലംഘനങ്ങള്‍ക്കെതിരേ ജനാധിപത്യ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടത്തും.’- നേതാക്കള്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here