കോഴിക്കോട്(www.mediavisionnews.in): മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എം.ഇ.എസിനും പ്രസിഡന്റ് ഫസല്‍ ഗഫൂറിനും അര്‍ഹതയില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സലഫിസം വരുന്നതിനു മുന്‍പുള്ള വസ്ത്രമാണ് നിഖാബ് (മുഖവസ്ത്രം). പ്രവാചകന്റെ കാലഘട്ടം മുതലേയുള്ള വസ്ത്രമാണ് നിഖാബ്.
അന്യപുരുഷന്മാര്‍ കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും അത് ധരിക്കണം. എം.ഇ.എസ് സ്ഥാപനങ്ങളില്‍ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ട് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കണമെന്നാണ് എം.ഇ.എസ് സംസ്ഥാന കമ്മിറ്റി സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇതിനെതിരെയാണ് സമസ്ത രംഗത്ത് വന്നത്.
എം.ഇ.എസ് എന്നു പറഞ്ഞാല്‍ മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടവരല്ല. ഓരോരുത്തരുടെ സ്ഥാപനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് നടപ്പാക്കാം. അതൊന്നും പിടിക്കാന്‍ നമുക്കാവില്ലല്ലോ. ഇന്ത്യാ രാജ്യമല്ലേ. സ്വാതന്ത്ര്യമുണ്ടല്ലോ. മുസ്ലിം വിശ്വാസികളായ കുട്ടികള്‍ ഞങ്ങളോടൊപ്പമുണ്ടാകും. അവരെ ഞങ്ങള്‍ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.