മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യ പ്രശ്നം രൂക്ഷമാകുന്നു. ഹൊസങ്കടി ടൗണിൽ ദേശീയപാതയോരത്തും ഭഗവതി നഗറിന് സമീപം റോഡരികിലും റെയിൽവേ സ്റ്റേഷൻ റോഡിലും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്.
ബങ്കര മഞ്ചേശ്വരം റോഡ്, അംഗടിപ്പദവ്, ചെക് പോസ്റ്റ് പരിസരം, കുഞ്ചത്തൂർ, തുമിനാട് ഭാഗങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. ഹൊസങ്കടി ടൗണിൽ മാലിന്യപ്രശ്നം രൂക്ഷമായിട്ടും നീക്കംചെയ്യാൻ നടപടിയില്ല.
ദേശീയപാതയ്ക്കരികിൽ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി വലിച്ചെറിഞ്ഞ നിലയിലാണ്. ഇവിടെ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതും പതിവാണ്. ദുർഗന്ധം കാരണം യാത്രക്കാർക്കും നാട്ടുകാർക്കും മൂക്കുപൊത്താതെ കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്.
പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടിയാണ് മാലിന്യം തള്ളുന്നത്. മഴക്കാലത്തിന് മുൻപ് മാലിന്യം നീക്കംചെയ്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. മാലിന്യം നീക്കംചെയ്യാത്തതിനാൽ പകർച്ചവ്യാധി ഭീതിയിലാണ് ജനങ്ങൾ. സംസ്കരിക്കാൻ സംവിധാനമില്ലാത്തത് പ്രശ്നം സങ്കീർണമാക്കുന്നു. മാലിന്യ സംസ്കരണത്തിന് വേണ്ടി വർഷങ്ങൾക്കുമുൻപ് പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം കാടുകയറിക്കിടക്കുകയാണ്.
ഇവിടെ സംസ്കരണകേന്ദ്രത്തിനുവേണ്ടി കെട്ടിടം പണിതുടങ്ങിയിരുന്നെങ്കിലും പൂർത്തിയായിട്ടില്ല. ഈ മാലിന്യസംസ്കരണ കേന്ദ്രത്തിനെതിരേ നാട്ടുകാർ രംഗത്തുവന്നിരിക്കുകയുമാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ഇതാണ് മാലിന്യപ്രശ്നം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.