ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടേണ്ടിവരും; ഞങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കിയത് യോഗിയും മോദിയും; ആശങ്ക പങ്കുവെച്ച് യു.പിയിലെ മുസ്‌ലീം കുടുംബങ്ങള്‍

0
202

ലഖ്‌നൗ(www.mediavisionnews.in): 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ കേന്ദ്രത്തില്‍ വീണ്ടും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടാനൊരുങ്ങി ഒരുകൂട്ടം മുസ്‌ലീം കുടുംബങ്ങള്‍.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നയാബന്‍ ഗ്രാമത്തിലുള്ള മുസ്‌ലീം കുടുംബങ്ങളാണ് തങ്ങളുടെ ദയനീയ അവസ്ഥ പങ്കുവെക്കുന്നത്. ഹിന്ദുക്കളും മുസ്‌ലീങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന നാളുകള്‍ ഇപ്പോള്‍ ഓര്‍മ മാത്രമാണെന്നും തങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും ചേരിതിരിവുമുണ്ടാക്കിയത് ബി.ജെ.പിയാണെന്നും ഇവര്‍ ആരോപിക്കുന്നു.

ഒരുമിച്ചായിരുന്നു ഞങ്ങള്‍ എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാറ്. കുട്ടികള്‍ ഒരുമിച്ച് കളിച്ചുവളരുകയായിരുന്നു. എന്നാല്‍ ഇത് അധികകാലം തുടര്‍ന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഹിന്ദുക്കളുടേയും മുസ്‌ലീങ്ങളുടേയും ഇടയില്‍ വലിയ വേര്‍തിരിവ് തന്നെ സംഭവിച്ചു. അവര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ഈ ഗ്രാമം വിട്ടുപോകുന്നതിനെ കുറിച്ചുപോലും ആലോചിക്കുന്നുണ്ട്’- എന്നായിരുന്നു ഇവരുടെ വാക്കുകള്‍.

ഇപ്പോഴുള്ള അവസ്ഥയേക്കാള്‍ ഭീകരമായിരിക്കും മോദിയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എന്നും ഇവര്‍ ഭയക്കുന്നു. റോയിട്ടേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ഇവര്‍.

” നേരത്തെ എല്ലാവരും ഒരേമനസോടെയായിരുന്നു മുന്നോട്ടുപോയത്. എല്ലാ കാര്യങ്ങളിലും ഒരുമിച്ചു. വിവാഹചടങ്ങിലും മരണാനന്തര ചടങ്ങിലും എല്ലാം. എന്നാല്‍ ഒരേഗ്രാമത്തില്‍ കഴിയുന്ന ഞങ്ങള്‍ ഇന്ന് പരസ്പരം സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തി. ”- വ്യാപാരിയായ ഗുല്‍ഫാം അലിയെന്ന ആള്‍ പറയുന്നു.

2014 ല്‍ മോദി അധികാരത്തിലെത്തുകയും 2017 ല്‍ യു.പിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തുകയും ചെയ്തതോടെ ഞങ്ങളുടെ അവസ്ഥ മാറി. മോദിയും യോഗിയും ചേര്‍ന്ന് എല്ലാം ഇല്ലാതാക്കി. ഹിന്ദുക്കളേയും മുസ്‌ലീങ്ങളേയും തമ്മില്‍ വേര്‍തിരിക്കുക എന്നതായിരുന്നു അവരുടെ പ്രധാന അജണ്ട. നേരത്തെ ഇങ്ങനെയൊന്നും ആയിരുന്നില്ല. ഞങ്ങള്‍ക്ക് ഇവിടം വിടണമെന്നുണ്ട്. എന്നാല്‍ അതിന് കഴിയുന്നുമില്ല- അദ്ദേഹം പറയുന്നു.

രണ്ട് വര്‍ഷത്തിനിടെ ഗ്രാമത്തില്‍ നിന്നും നിരവധി മുസ്‌ലീം കുടുംബങ്ങള്‍ താമസം മാറിപ്പോയെന്നും അദ്ദേഹം വെളിപ്പെടുത്തി. പശുവിനെ അറക്കുന്നതും ബീഫ് വില്‍പ്പന നടത്തുന്നതുമെല്ലാം വലിയ കുറ്റങ്ങളായി ചുമത്തി ചിലര്‍ മുതലെടുപ്പ് നടത്തുകയായിരുന്നു. നിരവധി അക്രമസംഭവങ്ങളാണ് ഗോഹത്യയുടെ പേരില്‍ ഈ ഗ്രാമത്തില്‍ നടന്നത്. മുസ്‌ലീങ്ങളെ രണ്ടാം തരക്കാരാക്കി, അക്രമകാരികളാക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടന്നെന്നും ഗ്രാമവാസികള്‍ പറയുന്നു.

2017 ലെ റമദാന്‍ മാസത്തില്‍ ഹിന്ദു ആക്ടിവിസ്റ്റുകളെന്ന് അവകാശപ്പെടുന്ന ചിലര്‍ മദ്രസകളില്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ബാങ്ക് വിളിക്ക് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും മറ്റുമായിരുന്നു അവരുടെ ആവശ്യം. നേരത്തെ ഇത്തരത്തിലുള്ള യാതൊരു സംഭവങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല.

സ്വാഭാവികമായും പ്രശ്‌നങ്ങള്‍ ആരംഭിച്ചു തുടങ്ങി. ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഇടയില്‍ പരസ്പരം ശത്രുത വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നില്‍. അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അതിന് തയ്യാറായി. ഇവിടെ ഞങ്ങളുടെ മതം അനുശാസിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പോലും വിലക്കുണ്ട്. എന്നാല്‍ അവര്‍ അവര്‍ക്ക് തോന്നുന്നതെല്ലാം ചെയ്യുന്നു. – മുസ്‌ലീം നിയമവിദ്യാര്‍ത്ഥിയായ അയിഷ പറയുന്നു.

ഞങ്ങളുടെ ചില ആഘോഷങ്ങള്‍ക്കിടെ പോലും മുസ്‌ലീം വിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. ഞങ്ങളുമായി വളരെ സ്‌നേഹത്തിലും സൗഹൃദത്തിലും സംസാരിച്ചവര്‍ പോലും ഇപ്പോള്‍ അങ്ങനെയല്ലാതായി. എന്തുകാര്യത്തിനും ഓടിയെത്തുമായിരുന്നവര്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കാതെയായി. ഏറെ വിഷമമുള്ള കാര്യങ്ങളാണ് ഇതെല്ലാം. യോഗി ആദിത്യനാഥ് തുടരുകയും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്താല്‍ ഞങ്ങളെ ഇവിടെ നിന്നും ഇല്ലായ്മ ചെയ്യുമെന്ന ഭയം പോലുമുണ്ട്. വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തിയാല്‍ ഇവിടെ തുടരുക തങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നും ഇവര്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here