ബംഗളൂരു (www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് മണിക്കൂറുകള്‍ക്കം രാജി പ്രഖ്യാപിച്ച് ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ. മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയ്‌ക്ക് വേണ്ടി എംപി സ്ഥാനമൊഴിയുകയാണെന്നാണ് പ്രജ്വല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജെഡിഎസിന്റെ ഏക എംപിയാണ് പ്രജ്വല്‍ രേവണ്ണ.
കാലങ്ങളായി താന്‍ പ്രതിനിധീകരിച്ചിരുന്ന ഹസന്‍ സീറ്റ് പ്രജ്വലിന് നല്‍കി തുംകൂരില്‍ നിന്നാണ് ഇക്കുറി ദേവദൗഡ ജനവിധി തേടിയത്. പക്ഷേ, പരാജയമായിരുന്നു ഫലം. ഈ സാഹചര്യത്തിലാണ് ദേവഗൗഡയ്‌ക്ക് വേണ്ടി സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് പ്രജ്വല്‍ അറിയിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ജനങ്ങള്‍ ദേവഗൗഡ പാര്‍ലമെന്റിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഹസനിലെ ജനങ്ങള്‍ക്കും അതാണ് ആഗ്രഹം. അതുകൊണ്ട് താന്‍ രാജിവയ്‌ക്കുകയാണ്. ഹസനില്‍ നിന്ന് വിജയിച്ച് ദേവഗൗഡ പാര്‍ലമെന്റിലെത്തട്ടെ എന്നും പ്രജ്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.1,41,324 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പ്രജ്വലിന്റെ വിജയം.
തീരുമാനം സ്വമേധയാ എടുത്തതാണെന്നും പാര്‍ട്ടിയുടെയോ കുടുംബത്തിന്റെയോ സമ്മര്‍ദ്ദം ഇതിന് പിന്നില്‍ ഇല്ലെന്നും പ്രജ്വല്‍ വ്യക്തമാക്കി. രാജിവയ്‌ക്കും മുമ്പ് ദേവഗൗഡ, മുഖ്യമന്ത്രി കുമാരസ്വാമി, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി കൂടിക്കാഴ്‌ച്ച നടത്തുമെന്നും പ്രജ്വല്‍ പറഞ്ഞു. ദേവഗൗഡയുടെ ഇളയ മകന്‍ രേവണ്ണയുടെ മകനാണ് പ്രജ്വല്‍. ദേവഗൗഡയുടെ മറ്റൊരു മകനും മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ മാണ്ഡ്യയില്‍ മത്സരിച്ചെങ്കിലും നടി സുമലതയോട് പരാജയപ്പെട്ടിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.