‘ദുർഗാ പൂജ മാറ്റില്ല, മുഹറം ഘോഷയാത്ര മാറ്റട്ടെ’: വീണ്ടും വർഗീയത പറഞ്ഞ് യോഗി ആദിത്യനാഥ്

0
223

കൊൽക്കത്ത (www.mediavisionnews.in):   പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിൽ വീണ്ടും വർഗീയപരാമർശവുമായി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ മുഹറവും ദുർഗാ പൂജയും ഒരേ ദിവസമാണ്. മുഹറത്തിന്‍റെ ഘോഷയാത്ര ഉള്ളതിനാൽ, ദുർഗാ പൂജയുടെ സമയം മാറ്റണോ എന്ന് പൊലീസ് ഉദ്യോഗസ്ഥർ എന്നോട് ചോദിച്ചു. പക്ഷേ, ദുർഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്നമില്ല, വേണമെങ്കിൽ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്ന് താൻ പറഞ്ഞെന്നും യോഗി പ്രസംഗിച്ചു. 

പശ്ചിമബംഗാളിൽ ദുർഗാപൂജ വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരാഘോഷമാണ്. ഇത് കണക്കിലെടുത്ത് കൂടിയാണ് മതം പറഞ്ഞ് വോട്ട് പിടിക്കാൻ യോഗി ശ്രമിക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19-ന് പശ്ചിമബംഗാളിലെ ഒമ്പത് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 

‘ജയ് ശ്രീറാം’ എന്ന് വിളിച്ച് റാലി നടത്തുമെന്നും മമത എന്ത് ചെയ്യുമെന്ന് കാണട്ടെ എന്നും വെല്ലുവിളിച്ചുകൊണ്ട് അമിത് ഷാ നടത്തിയ ‘സേവ് റിപ്പബ്ലിക്’ റാലി ഇന്നലെ അക്രമാസക്തമായിരുന്നു. രാമന്‍റെയും ഹനുമാന്‍റെയും വേഷങ്ങൾ ധരിച്ച പ്രവർത്തകർ കാവി ബലൂണുകളുമായി കൊൽക്കത്തയിൽ റാലിയിൽ അണി നിരന്നു. കൊൽക്കത്ത നഗരമധ്യത്തിൽ ഇരുപാർട്ടി പ്രവർത്തകരും ഏറ്റുമുട്ടി. വഴിയരികിൽ നിരവധി സ്ഥാപനങ്ങളും ബോ‍ർഡുകളും തകർക്കപ്പെട്ടു. ബംഗാളിൽ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമയും തകർക്കപ്പെട്ടു. 

യോഗിയുടെ റാലികൾക്ക് നേരത്തേ പശ്ചിമബംഗാളിൽ പൊലീസ് അനുമതി നൽകിയിരുന്നില്ല. കൊൽക്കത്തയിലെ ഫൂൽ ബഗാൻ മേഖലയിലുള്ള യോഗിയുടെ തെരഞ്ഞെടുപ്പ് പരിപാടിയുടെ സ്റ്റേജ് തകർത്തതായും സ്റ്റേജ് ഒരുക്കിയ ആളെ തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് മൂന്ന് റാലികളെങ്കിലും പലയിടങ്ങളിലായി നടത്തണമെന്ന് അമിത് ഷാ യോഗിയോട് നിർദേശിക്കുകയായിരുന്നു. 

പശ്ചിമബംഗാളിൽ 42 സീറ്റുകളുണ്ട്. കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസ് തൂത്തുവാരിയ പശ്ചിമബംഗാളിൽ നിന്ന് നിശ്ചിത എണ്ണം സീറ്റുകൾ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അക്രമങ്ങൾ മുതൽ മതവും ഹിന്ദുത്വവും വർഗീയതയും പ്രകടമായ ആയുധങ്ങളാക്കിയാണ് മമതക്കെതിരെ ബിജെപി പോരിനിറങ്ങുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here