ആലപ്പുഴ(www.mediavisionnews.in): ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ തോല്‍വിയാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പത്തൊന്‍പത് സീറ്റുകളും നേടി കേരളത്തില്‍ യുഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോള്‍ ആലപ്പുഴയില്‍ മാത്രമാണ് കോണ്‍ഗ്രസിന് കല്ലുകടിച്ചത്. ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെട്ടതാകട്ടെ വളരെ ചെറിയ മാര്‍ജിനിലും. വെറും 10474 വോട്ടിനാണ് ഷാനിമോള്‍ എ എം ആരിഫിനോട് തോറ്റത്.
എന്നാല്‍ ഈ മണ്ഡലത്തില്‍ യു.ഡി.എഫിന് അടിപതറാന്‍ കാരണം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് ചോര്‍ന്നതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഒഴികെയുള്ള ആലപ്പുഴയിലെ എല്ലാ മണ്ഡലങ്ങളും എല്‍.ഡി.എഫിനൊപ്പമായിരുന്നു. 18621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചത്. ഇവിടെ 2016ല്‍ 75980 വോട്ടുകള്‍ നേടിയ യു.ഡി.എഫിന് ഇത്തവണ വോട്ട് 61445 ആയി കുറഞ്ഞു.14535 വോട്ടുകളുടെ കുറവ്. ഈ വോട്ടുകള്‍ എവിടെ പോയി എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ആരിഫിന് ഇവിടെ ഭൂരിപക്ഷം 10474 വോട്ടുകള്‍ മാത്രമാണെന്ന് ഓര്‍ക്കണം. 2016 ല്‍ 51.93 ശതമാനം വോട്ടുകള്‍ ഹരിപ്പാട് യുഡിഎഫ് നേടിയപ്പോള്‍ ഇക്കുറി ഇത് 42.88 ശതമാനമായി കുറഞ്ഞു.
അതേസമയം ഹരിപ്പാട് ബി.ജെ.പിക്ക് 10 ശതമാനത്തോളം വോട്ടുകള്‍ കൂടുകയും ചെയ്തു. 2016ല്‍ ബി.ജെ.പിക്ക് 12985 വോട്ടുകളാണ് ഹരിപ്പാടുണ്ടായിരുന്നത്. 2019-ലെത്തുമ്പോള്‍ ഇത് 26238 ആയി ഉയര്‍ന്നു. 31032 വോട്ടുകള്‍ക്ക് ധനമന്ത്രി തോമസ് ഐസക് ജയിച്ച ആലപ്പുഴയിലും 22621 വോട്ടുകള്‍ക്ക് ജി. സുധാകരന്‍ ജയിച്ച അമ്പലപ്പുഴയിലും ഭൂരിപക്ഷം നേടിയപ്പോഴാണ് ചെന്നിത്തലയുടെ ഹരിപ്പാട് ഷാനിമോള്‍ ഉസ്മാന്‍ ഇത്രയും വലിയ തകര്‍ച്ച നേരിടുന്നതെന്നതും ശ്രദ്ധേയമാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.