ന്യൂദല്‍ഹി (www.mediavisionnews.in): പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. വോട്ടെടുപ്പ് നടക്കാനുള്ളത് ഇനി 59 മണ്ഡലങ്ങളില്‍ മാത്രം. കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട ബി.ജെ.പി പുതിയ സഖ്യകക്ഷികളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
ജനാധിപത്യത്തിന്‍റെ ഉത്സവകാലം അതിന്‍റെ അവസാന ലാപിലേക്ക് കടന്നു. ഇനി വോട്ടെടുപ്പ് നടക്കാന്‍ ബാക്കിയുള്ളത് 59 മണ്ഡലങ്ങളില്‍ മാത്രം. അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ ക്യാമ്പുകളില്‍ കണക്കുകൂട്ടലുകളും സഖ്യ രൂപീകരണ ചര്‍ച്ചകളും സജീവമാണ്. 2014ല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റും മറ്റ് പലയിടത്തും 80 ശതമാനത്തിലധികം സീറ്റും ബി.ജെ.പി നേടിയിരുന്നു. എന്നാല്‍ പലയിടത്തും രൂപീകരിക്കപ്പെട്ട ബി.ജെ.പി വിരുദ്ധ സഖ്യങ്ങള്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തല്‍ സജീവമാണ്.
യു.പിയിലെ എസ്.പി-ബി.എസ്.പി സഖ്യം, ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനുണ്ടായ വളര്‍ച്ച എന്നിവയെല്ലാം ഇത്തവണ ബി.ജെ.പിയുടെ വിജയത്തിന് മങ്ങലേല്‍പ്പിക്കും. യു.പിയില്‍ 55ല്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാകില്ലെന്നാണ് ബി.ജെ.പിയുടെ തന്നെ ആഭ്യന്തര വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ ചേര്‍ത്ത് നിര്‍ത്തി അധികാരം നിലനിര്‍ത്താനാണ് ബി.ജെ.പി നീക്കം. വാജ്പേയിയുടെ കാലത്ത് ഏറ്റവും നന്നായി സഖ്യ സര്‍ക്കാരിനെ നയിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന നരേന്ദ്ര മോദിയുടെ പ്രസംഗം നല്‍കുന്ന സൂചനയും അതാണ്.
തൃണമൂല്‍ കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് മോദി നടത്തിയ പരാമര്‍ശങ്ങള്‍ ഇതിനകം ശ്രദ്ധ നേടിയിരുന്നു. അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രതീക്ഷയിലാണ് ഇത്തവണ കോണ്‍ഗ്രസ്. സഖ്യ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ഇതിനകം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുമുണ്ട്. ഇതിലുള്ള 21 പാര്‍ട്ടികള്‍ ഏഴാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിരുന്നു. അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന എട്ട് സംസ്ഥാനങ്ങളില്‍ പ്രചാരണ പരിപാടികള്‍ ഇന്ന് മുതല്‍ വീണ്ടും ഊര്‍ജിതമാകും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.