കാസർകോട് വീണ്ടും കള്ളവോട്ട് ആരോപണം; ചീമേനിയിൽ 120 കള്ളവോട്ട് ചെയ്തതായി കോൺഗ്രസ്

0
517

കണ്ണൂ‌‌‌ർ(www.mediavisionnews.in): കാസർഗോഡ് മണ്ഡലത്തിലെ കയ്യൂർ ചീമേനിയിൽ 120ലധികം കള്ളവോട്ടുകൾ ചെയ്തതായി കോൺഗ്രസിന്‍റെ പരാതി. 48ആം നമ്പർ ബൂത്തിൽ രണ്ട് സിപിഎം പ്രവർത്തകർ പലതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. കണ്ണൂരിൽ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളിലെ വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ നേടാനും കോൺഗ്രസ് ശ്രമം തുടങ്ങി

രാഹുൽ എസ്, വിനീഷ് എന്നിവരുടെ ദൃശ്യങ്ങളാണ് കള്ളവോട്ട് ചെയ്യുന്നതായി കാട്ടി കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. ഇരുവരും വ്യത്യസ്ത സമയങ്ങളിലായി ബൂത്തിനുള്ളിൽ വോട്ട് ചെയ്യാൻ നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രവാസികളായ പതിനാറ് പേരുടെ വോട്ടുകൾ ഇത്തരത്തിൽ ഈ ബൂത്തിൽ കള്ളവോട്ടായി ചെയ്തുവെന്നാണ് പരാതി.

സിപിഎം ശക്തികേന്ദ്രമായ ചീമേനിയിൽ കൂളിയാട് സ്കൂളിലെ ബൂത്തുകളിൽ മാത്രം 120ലധികം പേരുടെ കള്ളവോട്ട് നടന്നുവെന്നാണ് പരാതി. കണ്ണൂരിൽ സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം 90 ശതമാനത്തിന് മുകളിൽ പോളിങ് നടന്ന ബൂത്തുകൾ സംശയത്തിന്‍റെ നിഴലിലാവുകയാണ്. 20 ബൂത്തുകളിലാണ് 90 ശതമാനത്തിന് മുകളിൽ പോളിങ് എത്തിയത്. 

മോറാഴ സൗത്ത് എൽപിയിൽ 96.57 ശതമാനമാണ് പോളിങ്. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജന്‍റെ വോട്ടുൾപ്പെടുന്ന കോങ്ങാറ്റ സ്കൂളിലെ 40, 41 ബൂത്തുകളിൽ കള്ളവോട്ട് നടന്നുവെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. സിപിഎം ശക്തികേന്ദ്രങ്ങളിൽ മിക്കയിടങ്ങളിലും യുഡിഎഫ് പോളിങ് ഏജന്‍റ് ഇല്ലാത്തതിനാൽ വെബ് കാസ്റ്റിങ് ദൃശ്യങ്ങൾ ശേഖരിച്ച ശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം. 

വിവരാവകാശം വഴിയും ഹൈക്കോടതി റിട്ട് വഴിയും വെബ്കാസ്റ്റിങ്ങ് ദൃശ്യങ്ങൾ സംഘടിപ്പിക്കാനാണ് യുഡിഎഫ് ശ്രമം. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വെബ്കാസ്റ്റിങ്ങ് ദൃശ്യങ്ങൾക്കായി സിപിഎമ്മും ശ്രമം ശക്തമാക്കിയിട്ടുണ്ട്. 

എരമംകുറ്റൂരിൽ കള്ളവോട്ട് സ്ഥീരീകരിക്കപ്പെട്ട പഞ്ചായത്തംഗമുൾപ്പടെയുള്ളവരുടെ കാര്യത്തിൽ കേസെടുക്കാൻ പൊലീസ് കളക്ടറുടെ നിർദേശം കാക്കുകയാണ്. മുസ്ലിം ലീഗ് പ്രവർത്തകരുടെ മേലിൽ ആരോപിക്കപ്പെട്ട പുതിയങ്ങാടിയിലെ കള്ളവോട്ടിലും ഇന്ന് വ്യക്തത വന്നേക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here