ന്യൂഡൽഹി(www.mediavisionnews.in): കേരളത്തില്‍ നിന്ന് വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. സത്യപ്രതിജ്ഞയ്ക്ക് മുന്‍പുള്ള പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തിന് ക്ഷണം ലഭിച്ചെന്ന് മുരളീധരന്‍ പറഞ്ഞു. നിലവില്‍ കേന്ദ്ര മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് വി മുരളീധരനെ പരിഗണിച്ചത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരന്‍.
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ആദ്യം വിളിച്ചതെന്നും പിന്നീട് ക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍നിന്നും വിളിച്ചെന്നും വി. മുരളീധരന്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമെന്നും, മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനിന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനം പ്രതീക്ഷിക്കാത്തതിനാല്‍ ഭാര്യയും കുടുംബവും ഡല്‍ഹിയിലെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്ന് ഒരു മന്ത്രി ഉണ്ടാകും എന്ന പ്രതീക്ഷ ബി.ജെ.പി സംസ്ഥാന ഘടകത്തിനുണ്ടായിരുന്നു. കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരില്‍ ഒരാള്‍ മന്ത്രിയാകുമെന്നായിരുന്നു സൂചന. അല്‍പസമയം മുന്‍പാണ് വി മുരളീധരന് മോദിയുടെ ചായസല്‍ക്കാരത്തിലേക്ക് ക്ഷണം ലഭിച്ചത്.
കേരളത്തില്‍ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. ന്യൂനപക്ഷ പ്രാതിനിധ്യം എന്ന നിലയ്ക്കാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കഴിഞ്ഞതവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. എന്നാല്‍ ഇതുവരെ കേന്ദ്ര മന്ത്രിസഭയിലെ പങ്കാളിത്തത്തെ കുറിച്ച് കണ്ണന്താനത്തിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കി തന്നെയാണ് വി മുരളീധരനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.