കടുത്ത തീരുമാനവുമായി വാട്സാപ്, ഈ ഫോണുകൾക്ക് ഇനി സർവീസ് നൽകില്ല

0
219

ന്യൂഡല്‍ഹി(www.mediavisionnews.in): ജനപ്രിയ ക്രോസ് മെസേജിംഗ് സര്‍വീസായ വാട്സാപ് മൈക്രോസോഫ്റ്റിന്റെ ഒഎസ് വിൻഡോസിനെ പൂർണമായും കൈവിടുന്നു. ഈ വർഷം അവസാനത്തോടെ വിൻഡോസ് ഒഎസിൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളിൽ നിന്നും വാട്സാപ് സേവനം പിൻവലിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2019 ഡിസംബർ 31 വരെയാണ് സമയം നൽകിയിരിക്കുന്നത്.

വിൻഡോസ് 10 ഒഎസുള്ള പുതിയ മൊബൈലുകളിലും വാട്സാപ് പ്രവർത്തിക്കില്ല. 2016 മുതലാണ് പഴയ ഒഎസസുകളിൽ പ്രവർത്തിക്കുന്ന ഹാൻസെറ്റുകളെ ഒഴിവാക്കാൻ വാട്സാപ് തീരുമാനിക്കുന്നത്. പിന്നീട് പലപ്പോഴായി വിവിധ പഴയ വേർഷനുകളിലുള്ള ഒഎസ് ഫോണുകളെ വാട്സാപ് ഒഴിവാക്കി.

ഇത് സംബന്ധിച്ചുള്ള ആദ്യ ബ്ലോഗ് 2016 ഫെബ്രുവരി 26 നാണ് വാട്സാപ് പോസ്റ്റ് ചെയ്യുന്നത്. ഏറ്റവും അവസാനമായി 2019 മേയ് 7 ന് ബ്ലോഗ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഈ പോസ്റ്റിലാണ് വിൻഡോസ് ഫോണുകളെ കൈവിടുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2017 ജൂൺ 30 നാണ് സിംബിയന്‍ നോക്കിയാ എസ്60 ഫോണുകളിലെ സേവനം നിർത്തിയത്. തുടർന്ന് 2017 ഡിസംബർ 31 മുതൽ ബ്ലാക്ക്‌ബെറി ഒഎസ് ഫോണുകളിലെ സേവനവും അവസാനിപ്പിച്ചു. 2018 ഡിസംബർ 31 മുതൽ നോക്കിയ എസ്40 ഒഎസുള്ള ഫോണുകളിലെ സേവനവും വാട്സാപ് നിർത്തി. ഈ വർഷം അവസാനത്തോടെ വിൻഡോസിന്റെ എല്ലാ ഫോണുകളെയും വാട്സാപ് ഉപേക്ഷിക്കുകയാണ്. 2020 ഫെബ്രുവരി ഒന്നു മുതൽ ആൻഡ്രോയിഡ് 2.3.7 നും അതിനു മുൻപുള്ള ഒഎസ് പതിപ്പുകളിലെ സേവനവും നിർത്തും. ഇതോടൊപ്പം ഐഒഎസ് 7 നും അതിനു മുൻപുള്ള പതിപ്പുകളിലെ ഐഫോണുകളിലും വാട്സാപ് ലഭിക്കില്ല.

കൂടുതലും വിൻഡോസിൽ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കാണ് ഈ തീരുമാനം ഏറെ തിരിച്ചടിയാകുക. സോഫ്റ്റ്‌വെയര്‍ അപ്ഡേഷൻ ചെയ്യാനെടുക്കുന്ന കാലതാമസവും വാട്സാപ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ കഴിയാത്തതുമാണ് വിൻഡോസ് ഫോണുകൾക്കു തിരിച്ചടിയായിരിക്കുന്നത്. വാട്സാപിലെ ചില ഫീച്ചറുകൾ വിൻഡോസിൽ പ്രവർത്തിക്കാൻ ഏറെ ബുദ്ധിമുട്ടു നേരിടുന്നുണ്ട്.

2009 ല്‍ വാട്സാപ് അവതരിപ്പിക്കുന്ന സമയത്ത് സിംബിയനിലും ബ്ലാക്ബെറിയിലുമാണ് കൂടുതല്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്ന് വെറും 25 ശതമാനം പേര്‍ മാത്രമാണ് ആന്‍ഡ്രോയ്ഡില്‍ വാട്സാപ് ഉപയോഗിച്ചിരുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here