ഇനി തല തല്ലി പൊട്ടിക്കില്ല : പുതിയ സ്റ്റൈല്‍ ലാത്തിചാര്‍ജുമായി കേരള പൊലീസ്

0
241

കൊച്ചി(www.mediavisionnews.in) : കാലഘട്ടത്തിന് അനുസരിച്ച് ലാത്തി ചാര്‍ജിന്‍റെ രീതിയിലും മാറ്റം വരുത്തി കേരള പൊലീസ്. ലാത്തി ചാര്‍ജിനിടെ പ്രക്ഷോഭകാരികളുടെ തല പൊട്ടിക്കുന്നത് അടക്കമുള്ള കടുത്ത മുറകള്‍ ഒഴിവാക്കി തന്ത്രപരമായി ആള്‍ക്കൂട്ടത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസില്‍ പുതിയ രീതിയിലുള്ള ലാത്തി ചാര്‍ജ് പരിശീലിപ്പിക്കാന്‍ ആരംഭിച്ചു. പുതിയ ലാത്തിചാര്‍ജിന്‍റെ ആദ്യഘട്ട പരിശീലനം കൊച്ചിയില്‍ ആരംഭിച്ചു. 

പ്രതിഷേധക്കാരുടെ രീതിക്കനുസരിച്ച് പ്രതിരോധിക്കുകയെന്ന തന്ത്രത്തോടെയാണ് പൊലീസ് പുതിയ ലാത്തിചാർജ് രീതി അവതരിപ്പിക്കുന്നത്. സമരങ്ങളിൽ അക്രമം ഉണ്ടാക്കുന്നവരുടെ കാലിലും കൈയ്യിലും മാത്രമെ പൊലീസ് ഇനി തല്ലുകയുള്ളു. എണ്ണത്തില്‍ കുറവ് പൊലീസുകാര്‍ വലിയ ആള്‍ക്കൂട്ടത്തെ നേരിടുമ്പോള്‍ ഉണ്ടാവുന്ന പാളിച്ചകള്‍ മറികടക്കാന്‍ സഹായിക്കുന്നതും പൊലീസിനെ ആക്രമിക്കുന്നവരെ എളുപ്പം കീഴടക്കാന്‍ സഹായിക്കുന്നതുമാണ് പുതിയ രീതിയിലുള്ള പരിശീലനം. 

ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശ പ്രകാരം അഡ്മിനിസ്ട്രേഷൻ ഡിഐജി കെ.സേതുരാമന്റെ നേതൃത്വത്തിലാണ്  പൊലീസ്കാർക്ക് പുതിയ പരിശീലനം ന‌ൽകുന്നത്. ലാത്തിചാര്‍ജിനൊപ്പം വിഐപികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനും ഇനി പുതിയ രീതിയാവും കേരള പൊലീസ് അവലംബിക്കുക ഇതിനുള്ള പരിശീലനവും പൊലീസുകാര്‍ക്ക് നല്‍കി തുടങ്ങി. പൊലീസ് സേനയിലെ അന്‍പതിനായിരം പൊലീസുകാര്‍ക്കും വരും ദിവസങ്ങളില്‍ പുതിയ രീതിയില്‍ പരിശീലനം നല്‍കും. ഇതിനായി പ്രത്യേക പരിശീലന വിഭാഗത്തേയും നിയോഗിച്ചു. അടുത്ത നൂറ് ദിവസത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാര്‍ക്കും പുതിയ ലാത്തിചാര്‍ജിംഗില്‍ പരിശീലനം നല്‍കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here