ആ ഓവറില്‍ എന്തിന് ബേസിലിനെ പന്ത് ഏല്‍പിച്ചു? കുറ്റബോധത്തോടെ വില്യംസണ്‍ പറയുന്നു

0
475

ഹൈദരാബാദ് (www.mediavisionnews.in):  ഐപിഎല്ലില്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഡല്‍ഹിയ്‌ക്കെതിരെ സണ്‍റൈസസ് ഹൈദരാബാദ് പുറത്താകുന്നതിന് കാരണമായത് ബേസില്‍ തമ്പിയെറിഞ്ഞ 17ാം ഓവറാണ്. മത്സരത്തില്‍ ജയം പ്രതീക്ഷിച്ചെത്തിയ ഹൈദരാബാദിന്റെ പ്രതീക്ഷകളെ കരിച്ചു കളയുന്ന രീതിയിലായിരുന്നു ബേസില്‍ ആ ഓവര്‍ എറിഞ്ഞത്.

ഡല്‍ഹി ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് മുന്നില്‍ നിസ്സഹായനായി പോയ ബേസില്‍ 22 റണ്‍സാണ് ആ ഓവറില്‍ വഴങ്ങിയത്. ഇതോടെ 19.5 ഓവറില്‍ ഡല്‍ഹിയ്ക്ക് നിര്‍ണായക വിജയം നേടി ക്വാളിഫയര്‍ കളിക്കാന്‍ അവസരമൊരുങ്ങുകയും ചെയ്തു. അതുവരെ മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയ ബേസിലാണ് അപ്രതീക്ഷിതമായി ഡല്‍ഹിയ്ക്ക് വിജയമൊരുക്കിയത്.

ഇപ്പോള്‍ എന്തുകൊണ്ടാണ് ബേസിലിനെ 17ാം ഓവര്‍ എറിയാന്‍ പരിഗണിച്ചത് എന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ഫോമിലുളള ഖലീല്‍ അഹമ്മദിനെ പിന്തള്ളിയായിരുന്നു ബേസിലിനെ 17ാം ഓവര്‍ എറിയാന്‍ വില്യംസണ്‍ തിരഞ്ഞെടുത്തത്.

സ്‌ക്വയര്‍ ലെഗില്‍ നീളമേറിയ ബൗണ്ടറികള്‍ ഉള്ളതിനാല്‍ ഇടംകൈയനേക്കാള്‍ ഫലപ്രദം വലംകൈ ബൗളറായിരിക്കുമെന്ന് കരുതിയതായാണ് ഖലീലിന് പകരം ബേസിലിനെ പരിഗണിച്ചതെന്ന് വില്ല്യംസണ്‍ പറയുന്നു. ബാറ്റ്‌സ്മാനില്‍ നിന്ന് പുറത്തേക്ക് പോകുന്ന രീതിയില്‍ കട്ടറുകള്‍ എറിയുകയായിരുന്നു തങ്ങളുടെ തന്ത്രമെന്നും എന്നാല്‍ റിഷഭ് പന്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുവദിച്ചില്ലെന്നും വില്ല്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here