അറക്കല്‍ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു

0
517

തലശ്ശേരി(www.mediavisionnews.in) : അറക്കല്‍ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി (86) അന്തരിച്ചു. സ്വവസതിയായ തലശ്ശേരി ചേറ്റംക്കുന്നിലെ ‘ഇശലില്‍’ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.

1932 ല്‍ എടയ്ക്കാടാണ് ജനനം. ആദിരാജ ഹംസ കോയമ്മ തങ്ങള്‍, ആദിരാജ സൈനബ ആയിഷബി എന്നിവര്‍ സഹോദരങ്ങളാണ്. പരേതനായ സി.പി കുഞ്ഞഹമ്മദ് എളയയാണ് ഭര്‍ത്താവ്. ഏക മകള്‍ ആദിരാജ ഖദീജ സോഫിയ.

കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കല്‍ സുല്‍ത്താന്‍ എന്ന നിലയില്‍ ബീവിയില്‍ നിക്ഷിപ്തമായിട്ടുള്ളത്.

കണ്ണൂര്‍ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ നേതൃത്വം നല്‍കുന്ന അറക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി.

2018 ല്‍ ജൂണ്‍ 26ന്  സഹോദരിയും, 38ാ മത് അറക്കല്‍ സ്ഥാനിയുമായിരുന്ന അറക്കല്‍ സുല്‍ത്താന്‍ സൈനബ ആയിഷ ആദിരാജ യുടെ വിയോഗത്തെ തുടര്‍ന്നാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി  39മത് അറക്കല്‍ സുല്‍ത്താന്‍  സ്ഥാനം ഏറ്റെടുത്തത്.

ശനിയാഴ്ച തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ മഗ്‌രിബ് നമസ്‌കാര ശേഷം മയ്യത്ത് നമസ്‌കാരവും ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകന്‍ ഇത്യസ് അഹമദ് ആദിരാജ, സഹോദരി പുത്രന്‍ മുഹമ്മദ് റാഫി ആദിരാജ എന്നിവര്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here