കോഴിക്കോട്(www.mediavisionnews.in): കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്‍ററിന്‍റെ ഫണ്ട് ശേഖരണത്തിനായി ഇന്നലെ സര്‍വീസ് നടത്തിയത് ഇരുന്നൂറ്റി അമ്പതോളം സ്വകാര്യ ബസ്സുകള്‍. സി.എച്ച് സെന്‍റര്‍ ഫണ്ട് ശേഖരണ ദിനത്തിലാണ് സ്വകാര്യ ബസ്സുകളുടെ കാരുണ്യയാത്ര. ഒരു ദിവസത്തെ കളക്ഷന്‍ തുകയാണ് സ്വകാര്യ ബസ്സുടമകള്‍ സി.എച്ച് സെന്‍റര്‍ നടത്തുന്ന ആതുര സേവനങ്ങള്‍ക്കായി നല്‍കിയത്.
സാധാരണ ഇറങ്ങേണ്ടുന്ന സ്ഥലം ചോദിച്ച് ടിക്കറ്റ് നല്‍കി പൈസ വാങ്ങിയിരുന്ന കണ്ടക്ടര്‍മാര്‍ ആതുര സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ആഭ്യര്‍ഥിക്കുന്നത് കേട്ടപ്പോള്‍ യാത്രക്കാര്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നെ അമ്പരപ്പ് മാറിയതോടെ തങ്ങളെ കൊണ്ടാവുന്ന സഹായം പ്രത്യേകം തയ്യാറാക്കിയ ബക്കറ്റുകളില്‍ ഇട്ടു.
കൊടുവള്ളി, പെരുമണ്ണ, എടവണ്ണപ്പാറ, മെഡിക്കല്‍ കോളേജ്, രാമനാട്ടുകര, മാവൂര്‍, മുക്കം, കുറ്റ്യാടി എന്നീ റൂട്ടുകളിലോടുന്ന ബസ്സുകളാണ് സി.എച്ച് സെന്‍ററിന്‍റെ ഫണ്ട് ശേഖരണത്തിനായി കാരുണ്യ യാത്ര നടത്തിയത്. ഈ റൂട്ടിലോടുന്ന 250ലേറെ ബസ്സുകളുടെ ഒരു ദിവസത്ത കളക്ഷന്‍ തുക സി.എച്ച് സെന്‍ററിന്‍റെ ഫണ്ട് ശേഖരണത്തിന് നല്‍കാന്‍ ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ തീരുമാനിക്കുകയായിരുന്നു. 2018-19 വര്‍ഷത്തില്‍ മാത്രം നാലു ലക്ഷത്തിലധികം രോഗികള്‍ക്കായി മൂന്നരകോടി രൂപയാണ് സി.എച്ച് സെന്‍റര്‍ ചിലവഴിച്ചത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.