ശ്രീലങ്കയിൽ കലാപം: മുസ്‌ലീങ്ങളുടെ ഉടമസ്ഥതയിലുള്ള പള്ളികള്‍ക്കും കടകള്‍ക്കുംനേരെ കത്തോലിക്കരുടെ ആക്രമണം

0
475

കൊളംബോ(www.mediavisionnews.in): ശ്രീലങ്കയില്‍ മുസ്‌ലീങ്ങളുടെ ഉടമസ്ഥതയിലുള്ള പള്ളികള്‍ക്കും കടകള്‍ക്കുംനേരെ കത്തോലിക്കരുടെ ആക്രമണം. ആക്രമണത്തിനു പിന്നാലെ സമാധാനം നിലനിര്‍ത്തണമെന്നും ആളുകള്‍ സംയമനം പാലിക്കണമെന്നും സ്പര്‍ദ്ധ വളര്‍ത്തരുതെന്നും ആവശ്യപ്പെട്ട് സഭ രംഗത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച നെഗാംബോയ്ക്ക് സമാനമുള്ള പോറുടോട ഗ്രാമത്തില്‍ ഒരു മുസ്‌ലിം ഡ്രൈവറും ഒരു സംഘം കത്തോലിക്കരും തമ്മില്‍ ചെറിയ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഡ്രൈവറുടെ വാഹനം പരിശോധിക്കണമെന്ന കത്തോലിക്കര്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനു വഴിവെച്ചത്.

ഇത് പിന്നീട് കലാപത്തിനു വഴിവെക്കുകയായിരുന്നു. വൈകുന്നേരത്തോടെ നിരവധി അക്രമികള്‍ തെരുവിലിറങ്ങുകയും അക്രമമഴിച്ചുവിടുകയുമായിരുന്നു. വാഹനങ്ങള്‍ക്ക് തീവെക്കുകയും മുസ്‌ലീങ്ങളുടെ ഉടമസ്ഥതയിലുള്ള രണ്ട് കടകള്‍ ആക്രമിക്കുകയുമായിരുന്നു.

മദ്യപിച്ച ചിലരാണ് കലാപത്തിന് കാരണക്കാരെന്നാണ് ശ്രീലങ്കന്‍ പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഗ്രാമത്തില്‍ വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച നടന്ന സംഘര്‍ഷത്തില്‍ വസ്തുവകകള്‍ നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി അറിയിച്ചു.

മദ്യപിച്ചതാണ് അക്രമത്തിനു കാരണമെന്നും പ്രദേശത്തെ മദ്യക്കടകള്‍ അടച്ചിടണമെന്നും കൊളംബോ ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. ‘മദ്യത്തിന്റെ ലഹരിയിലാവുമ്പോള്‍ ആളുകള്‍ ചിലപ്പോള്‍ മൃഗങ്ങളേക്കാള്‍ മോശമായി പെരുമാറും’ എന്നാണ് അദ്ദേഹം പറഞ്ഞത്.

‘നിരവധി മരണങ്ങളുണ്ടായിട്ടും ജനങ്ങളോട് ഞാന്‍ ആവശ്യപ്പെട്ടത് സമാധാനം നിലനിര്‍ത്താനും വിവേചനപൂര്‍വ്വം പ്രവര്‍ത്തിക്കാനുമാണ്. ബുദ്ധിസ്റ്റുകളോടും ഹിന്ദു മുസ്‌ലിം മതനേതാക്കളോടും നന്ദി പറയുന്നു. സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ചിലയാളുകള്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയാണ്.’ എന്നും അദ്ദേഹം പറഞ്ഞു.

ഈസ്റ്റര്‍ ഞായറാഴ്ച നെഗോംബോയിലെ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ നടന്ന ചാവേറാക്രമണത്തില്‍ 100ലേറെ വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു. ഐസിസുമായി ബന്ധമുള്ള തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നില്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here