വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്ത സംഭവത്തിൽ നിയമനടപടി സ്വീകരിക്കും -മുസ്‌ലിം ലീഗ്

0
540

കാസർകോട്(www.mediavisionnews.in): അന്തിമ വോട്ടർപ്പട്ടികയിൽ നിന്ന്‌ അന്യായമായി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതു സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി യോഗം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ജില്ലയുടെ പല ഭാഗങ്ങളിലുമായി വലിയരീതിയിൽ യു.ഡി.എഫ്. വോട്ടർമാരുടെ പേരുകളാണ് നീക്കംചെയ്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരും അതേ വീട്ടിൽതന്നെ ഇപ്പോഴും താമസിക്കുകയും ചെയ്യുന്ന യു.ഡി.എഫ്. പ്രവർത്തകരെയും തിരഞ്ഞുപിടിച്ചാണ് പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഇവർക്ക് മുൻകൂർ വിവരം നൽകുകപോലും ചെയ്തിട്ടില്ല.

അന്തിമ വോട്ടേഴ്സ് പട്ടിക വിതരണം വൈകിപ്പിച്ചതും പട്ടിക തിരുവനന്തപുരത്തുവെച്ച് പ്രിന്റ് ചെയ്യിപ്പിച്ചതും ഇതിനു വേണ്ടിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ആസൂത്രിതമായ ഒരു നീക്കത്തിന്റെ ഭാഗമാണെന്നും ഇത്തരം പ്രവൃത്തികൾക്ക് കൂട്ടുനിന്ന ജില്ലാ ഭരണകൂടത്തിനെതിരേ നിയമനടപടികളും പ്രക്ഷോഭങ്ങളും നടത്താനും യോഗം തീരുമാനിച്ചു. ഇതുപോലുള്ള ജനാധിപത്യ ധ്വംസനത്തിനെതിരേ ബഹുജനരോഷം ഉയർന്നുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് നേതാക്കളായ എ.ജി.സി.ബഷീറും ബഷീർ വെള്ളിക്കോത്തും പാർട്ടിപരിപാടികളിലും സോഷ്യൽമീഡിയയിലും നടത്തിയ പ്രസംഗങ്ങളിൽനിന്ന്‌ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് സി.പി.എം. നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് നടപടിയിൽ യോഗം പ്രതിഷേധിച്ചു. സി.പി.എം. നൽകുന്ന കള്ളപരാതികളിൽ നേതാക്കൾക്കെതിരേ കേസെടുക്കുന്ന പോലീസിന്റെ നടപടി സേനയ്ക്ക് അപമാനകരമാണെന്നും ഇത് പോലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും യോഗം വിലയിരുത്തി.

പി.മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെയും കെ.പി.കുഞ്ഞിമൂസയുടെയും നിര്യാണത്തിൽ യോഗം അനുശോചിച്ചു. പ്രസിഡന്റ് എം.സി.ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്‌മാൻ, സി.ടി.അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ.നെല്ലിക്കുന്ന്‌ എം.എൽ.എ., ടി.ഇ.അബ്ദുല്ല, എം.എസ്.മുഹമ്മദ്‌കുഞ്ഞി, എ.ജി.സി.ബഷീർ, അസീസ് മരിക്കെ, കെ.മുഹമ്മദ്‌കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here