തിരുവനന്തപുരം(www.mediavisionnews.in): സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇതു സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
തലശ്ശേരിയിലെ സഹപാഠിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. 2017 ലായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് മരിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കി. തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടത്. സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഫോണ്‍ നിരോധനം കര്‍ശനമാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
12-ാം ക്ലാസ്സ് വരെ നിലവില്‍ ഫോണ്‍ ഉപയോഗത്തിനു വിദ്യാഭ്യാസവകുപ്പിന്റെ വിലക്കുണ്ട്. ക്ലാസ് സമയത്ത് അധ്യാപകരും ഫോണ്‍ ഉപയോഗിക്കരുതെന്നും ഡിപിഐയുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് കൃത്യമായി പലയിടത്തും പാലിക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമാണ്. സ്‌കൂളുകള്‍ നിര്‍ദ്ദേശം പാലിക്കുന്നുണ്ടോ എന്ന് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ വുകപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവില്‍ കര്‍ഷന നിര്‍ദ്ദേശമുണ്ട്.