വാഹനാപകട നഷ്ടപരിഹാരകേസുകള്‍ ഇനി 120 ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കും

0
511


കൊച്ചി(www.mediavisionnews.in): വാഹനാപകടക്കേസുകളിലെ കാലതാമസം ഒഴിവാക്കി കേസുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ രാജ്യമൊട്ടാകെ മോട്ടോര്‍ ആക്സിഡന്റ് മീഡിയേഷന്‍ അതോറിറ്റി സംവിധാനം നിലവില്‍ വരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 120 ദിവസങ്ങള്‍ക്കുള്ളില്‍ വാഹനാപകട കേസുകളില്‍ തീര്‍പ്പ് കല്‍പ്പിച്ച് നഷ്ട പരിഹാരം ലഭിക്കത്തക്ക വിധം സംവിധാനങ്ങള്‍ ഏകോപിപ്പിക്കും. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനില്‍പ്പെടുന്ന 21 ബാങ്കുകളെ സംയോജിപ്പിച്ചാവും പദ്ധതി നടപ്പാക്കുക.

സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ് ഇത് നടപ്പിലാക്കുന്നത്. ജില്ലാതലത്തിലാണ് അതോറിറ്റി പ്രവര്‍ത്തിക്കുക. മീഡിയേഷന്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന് ഒരു സെല്ലും ഉണ്ടാവും. സുപ്രീം കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് രണ്ടു മാസത്തിനുള്ളില്‍ ഇതിന്റെ രൂപരേഖ തയ്യാറാക്കണം. ഇതിനു പുറമേ, സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ക്ക് മീഡിയേഷന്‍ അതോറിറ്റിയുടെ പ്രവര്‍ത്തനരീതി കൈമാറും. ഇതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ജില്ലാതല ലീഗല്‍ അതോറിറ്റികളാവും.

മീഡിയേഷന്‍ അതോറിറ്റി വഴി പരിഹരിക്കപ്പെടുന്നത് മോട്ടോര്‍ ആക്സിഡന്റ് ട്രിബ്യൂണലുകളില്‍ ഫയല്‍ചെയ്യുന്ന കേസുകളാണ്.
അപകടം സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസിനും കോടതിയ്ക്കും സമര്‍പ്പിക്കും. എം.എ.സി.ടി. കോടതിക്കും ഇന്‍ഷുറന്‍സ് കമ്പനിക്കും പോലീസ് ഇതിന്റെ പകര്‍പ്പുകല്‍ കൈമാറേണ്ടതുണ്ട്. ഇന്‍ഷുറന്‍സ് കമ്പനി ഇത് പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ എം.എ.സി.ടി. യ്ക്ക് റിപ്പോര്‍ട്ട് കൈമാറണം. ഇതിന്റെ അടിസ്ഥാനത്തിലാവും സെല്ലുകള്‍ നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. ആക്സിഡന്റ് മിഡിയേഷന്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം ജുഡീഷ്യല്‍ അക്കാദമികള്‍, പോലീസ് മേധാവികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ജഡ്ജിമാര്‍ എന്നിവര്‍ക്കും കൈമാറേണ്ടതുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here