വമ്പന്‍ തിരിച്ചുവരവിന് കളം ഒരുങ്ങുന്നു, കിരീബിയന്‍ ടി20 ലീഗ് കളിക്കാന്‍ ഇര്‍ഫാന്‍

0
225

മുംബൈ (www.mediavisionnews.in):  ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ഔള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഇര്‍ഫാന്‍ പത്താന്‍ കരീബിയന്‍ ടി20 ലീഗ് കളിക്കാന്‍ ഒരുങ്ങുന്നു. 2019 ലെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ക്ക് മുന്നോടിയായി നടത്തുന്ന താരങ്ങളുടെ ഡ്രാഫ്റ്റില്‍ ഇടം പിടിച്ചാണ് ഇര്‍ഫാന്‍ അമ്പരപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് ഡ്രാഫ്റ്റ് പട്ടികയില്‍ ഇടം പിടിച്ച ഏകതാരമാണ് ഇര്‍ഫാന്‍. ഡ്രാഫ്റ്റില്‍ നിന്ന് ഏതെങ്കിലും ടീം സ്വന്തമാക്കിയാല്‍ വിദേശ ടി20 ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായും ഇര്‍ഫാന്‍ മാറും. ഇതുവരെ ഐപിഎല്‍ അല്ലാതെ മറ്റ് ടി20 ലീഗുകളില്‍ കളിക്കാന്‍ താരങ്ങള്‍ക്ക് ബിസിസിഐ അനുമതി നല്‍കിയിരുന്നില്ല. ഇര്‍ഫാന്‍ കരീബിയന്‍ ലീഗ് കളിച്ചാല്‍ അത് ചരിത്രമാകുമെന്ന് ഇതോടെ ഉറപ്പായി.

2012-ലാണ് ഇര്‍ഫാന്‍ പത്താന്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. അന്ന് പരിക്കേറ്റ് ടീമിന് പുറത്തായ താരത്തിന് പിന്നീടൊരു മടങ്ങിവരവ് ഉണ്ടായില്ല. ഇന്ത്യയ്ക്കായി 29 ടെസ്റ്റും 120 ഏകദിനവും 24 ടി20യും കളിച്ചിട്ടുളള ഇര്‍ഫാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുന്നൂറിലധികം വിക്കറ്റും 2,800 റണ്‍സും സ്വന്തമാക്കിയിട്ടുളള താരമാണ്.

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡയര്‍ ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കായും ഈ 32കാരന്‍ കളിച്ചിട്ടുണ്ട്. ഈ സീസണ്‍ ഐപിഎല്ലിലും അവസരം ലഭിക്കാതിരുന്ന താരം പക്ഷേ ഈ സീസണില്‍ കമന്ററി ബോക്‌സിലെ സജീവ സാന്നിധ്യമായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here