‘രാഷ്ട്രീയ വൈരാഗ്യം വ്യക്തി വൈരാഗ്യം ആയതെങ്ങനെ?’: പെരിയ കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

0
252

കാസർഗോഡ്(www.mediavisionnews.in): കാസർഗോഡ് പെരിയ ഇരട്ടക്കൊല കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി. എഫ്‌ഐആറിൽ രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകമെന്ന് വ്യക്തമാക്കിയ കേസ് പിന്നീട് വ്യക്തി വൈരാഗ്യം ആയതെങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. കൊലപാതകത്തിന് ദൃക്‌സാക്ഷി ഇല്ലാതിരുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് കാറിൽ നിന്നും ഫിംഗർ പ്രിന്റ് എടുത്തില്ലെന്നും ഹൈക്കോടതി ആരാഞ്ഞു.

കേസിലെ ഒന്ന്, രണ്ട്, നാല്, അഞ്ച് പ്രതികൾ കൊല്ലപ്പെട്ടവരെ മാരകമായി ഉപദ്രവിച്ചെന്ന് ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് വ്യക്തമാക്കി. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ രണ്ടാം പ്രതിക്ക് എതിരായി തെളിവുകൾ ഒന്നും ഇല്ലെന്നും കൊലപാതകത്തിന് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും ഹർജിക്കാരൻ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ജാമ്യപേക്ഷയുടെ ഭാഗമായി കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി. എന്നാൽ ഡയറി ചേംബറിൽ പരിശോധിക്കാം എന്ന് കോടതി വ്യക്തമാക്കി.

പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് ഇന്നലെ കുറ്റപത്രം സമർപ്പിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകമല്ല വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുറ്റപത്രം. പീതാംബരനും, സജി സി ജോർജുമാണ് മുഖ്യ പ്രതികൾ. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ആയിരത്തോളം പേജുകൾ ഉള്ള കുറ്റപത്രം സമർപ്പിച്ചത്.

സിപിഐഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അറസ്റ്റിലായവരിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പ്രതികൾക്ക് സഹായം ചെയ്തവരും ഉൾപ്പെടും.

229 സാക്ഷികൾ ഉള്ള കേസിൽ 105 തൊണ്ടിമുതലുകളും 50 ഓളം രേഖകളും 12 വാഹനങ്ങളും തെളിവുകളായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ 11 പ്രതികൾ ജയിലിലാണ്. മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. കേസിൽ മുഖ്യപ്രതി ഉൾപ്പെടെ അറസ്റ്റിലായിട്ട് 90 ദിവസം പൂർത്തിയാകുമ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here