മോദിക്കും അമിത് ഷായ്ക്കുമെതിരായ പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

0
515

ന്യൂദല്‍ഹി(www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മേയ് ആറിനു മുന്‍പ് തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. ഇരുവര്‍ക്കുമെതിരേ കോണ്‍ഗ്രസ് നല്‍കിയ ഒമ്പതു പരാതികളിലാണു തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കിയത്.

ബുധനാഴ്ച വരെ സമയം വേണമെന്ന കമ്മീഷന്റെ ആവശ്യം തള്ളിയാണു കോടതിയുടെ നടപടി. കോണ്‍ഗ്രസിന്റെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുന്നുമുണ്ട്. ഇതിനുമുന്‍പേ തീരുമാനമെടുക്കണമെന്നാണ് കമ്മീഷനോടു നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

മോദിക്കും ഷായ്ക്കുമെതിരേ ലഭിച്ച 11 പരാതികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇതുവരെ തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി വാദിച്ചു. അതേസമയം ഏപ്രില്‍ ഒന്നിനു മോദി നടത്തിയ പ്രസംഗത്തില്‍ 16-നാണു പരാതി ലഭിച്ചതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ബി.ജെ.പി നേതാക്കള്‍ക്കെതിരേ പരാതി നല്‍കിയിട്ടും കമ്മീഷന്‍ നിഷ്‌ക്രിയത്വം പാലിച്ചതു വിവേചനമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്നാണു മോദിക്കെതിരായ പരാതി. മോദിസേനയെന്ന് ഇന്ത്യന്‍ സൈന്യത്തെ വിശേഷിപ്പിച്ചെന്നാണ് ഷായ്‌ക്കെതിരായ ആരോപണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here