മൂന്ന് എംഎല്‍എമാരടക്കം തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

0
208

ന്യൂഡല്‍ഹി (www.mediavisionnews.in):  തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്ക് പുതിയ വെല്ലുവിളി. മുകുള്‍ റോയിയുടെ മകന്‍ ഉള്‍പ്പെടെ മൂന്ന് എം.എല്‍.എമാരും അമ്പതോളം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്. ഇതോടെ രണ്ട് മുനിസിപ്പല്‍ കൗണ്‍സിലുകളിലെ അധികാരം തൃണമൂലിന് നഷ്ടമായേക്കും.

തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്ന മുകുള്‍ റോയ് 2017 ല്‍ ബി.ജെപിയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ മകനും എം.എല്‍.എയുമായ സുബ്രംഗ്ഷു പാര്‍ട്ടിയില്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍ അച്ചടക്ക ലംഘനത്തെ തുടന്ന് വെള്ളിയാഴ്ച സുബ്രംഗ്ഷുവിനെ തൃണമൂല്‍ നേതൃത്വം 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.

ഇതോടെ പിതാവിന്‍റെ പാതയില്‍ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍‌ തീരുമാനിച്ചിരിക്കുകയാണ് സുബ്രംഗ്ഷു. ഒപ്പം സില്‍ ഭദ്ര ദത്ത, സുനില്‍ സിംഗ് എന്നീ രണ്ട് എം.എല്‍.എമാരും തൃണമൂല്‍ വിടുകയാണ്. മൂവരും ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തി. ഇന്ന് ബി.ജെ.പി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങുകളില്‍ ഔദ്യോഗികമായി അംഗത്വം എടുക്കും.

ടി.എം.സിയുടെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ക്കിടയിലും പാര്‍ട്ടി വിടല്‍ പ്രവണത ശക്തമാണ്. ഗാരിഫ മുനിസിപ്പാലിറ്റിയിലെ ഒരു കൂട്ടം കൗണ്‍സിലര്‍മാര്‍ ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞു. മമത ബാനര്‍ജിയോട് വിയോജിപ്പില്ല, എന്നാല്‍ ലോക്സഭാ തെരെഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മുന്നേറ്റം തങ്ങളെ ആകര്‍ഷിച്ചു എന്നാണ് ഇവരുടെ വിശദീകരണം.

ഇവര്‍ക്ക് പുറമെ കാഞ്ച്രപ്പ, ഹാലീ ഷഹര്‍ എന്നീ മുനിസിപ്പാലിറ്റികളില്‍‌ നിന്നായി 50ഓളം കൗണ്‍സിലര്‍മാര്‍ ഉടന്‍ ബി.ജെ.പി യില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഇതോടെ ഈ രണ്ട് മുനിസിപ്പാലിറ്റികളുടെയും ഭരണം തൃണമുല്‍ കോണ്‍ഗ്രസ്സിന് നഷ്ടമാകും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here