പശുത്തോല്‍ കിട്ടാനില്ല, ഇന്ത്യയിലെ ക്രിക്കറ്റ് ബോള്‍ നിര്‍മാണം അപകടാവസ്ഥയില്‍

0
211

ദില്ലി (www.mediavisionnews.in): ലോകം മുഴുവന്‍ ലോകക്കപ്പ് ക്രിക്കറ്റിലെ ആവേശക്കളികള്‍ക്കായി കാത്തിരിക്കുമ്പോള്‍, ഇന്ത്യയിലെ ക്രിക്കറ്റ് ബോള്‍ നിര്‍മാണ വ്യവസായം അപകടാവസ്ഥയില്‍. പ്രധാനമായും പശുത്തോല്‍ കിട്ടനില്ലാത്തതാണ് മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. ക്രിക്കറ്റ് ലോകക്കപ്പ് അടുത്തതോടെ ബോളുകളുടെ ആവശ്യകതയും രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഇത് നന്നായി ഉപയോഗപ്പെടുത്താന്‍ ഇന്ത്യയിലെ ഉല്‍പാദകര്‍ക്ക് ആകുന്നില്ല.  

ജിഎസ്ടി അടക്കമുളള  പ്രതിസന്ധികളെ തുടര്‍ന്ന് തളര്‍ച്ചയിലായിരുന്ന വ്യവസായം ഇംഗ്ലണ്ട് ലോകക്കപ്പിന്‍റെ വരവോടെ നേട്ടം കൊയ്യാം എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ബോള്‍ നിര്‍മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ കന്നുകാലികളുടെ തോല്‍ ലഭിക്കാതായാതോടെ ലോകക്കപ്പുമായി ബന്ധപ്പെട്ട മികച്ച വിപണി അവസരം നഷ്ടമാകുമോ എന്ന ഭയത്തിലാണ് മീററ്റിലെ നിര്‍മാതാക്കള്‍. 

കഴിഞ്ഞ കുറച്ച് വര്‍ഷമായി കന്നുകാലിത്തോല്‍ ബോള്‍ നിര്‍മാതാക്കള്‍ക്ക് വിറ്റിരുന്ന ഉത്തര്‍പ്രദേശിലെ യൂണിറ്റുകള്‍ ഇന്ന് ഏറെക്കുറെ അടച്ചുപൂട്ടിയിരിക്കുന്നു. അതിനാല്‍ ബോള്‍ നിര്‍മാണത്തിന് ആവശ്യമായ തുകല്‍ നിര്‍മാതാക്കള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുകയാണിപ്പോള്‍. ബോള്‍ നിര്‍മാണക്കമ്പനിയായ ബിഡിഎം അടക്കമുളളവയും ഇതേ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 

‘ബോള്‍ നിര്‍മാണത്തിനായി ഞങ്ങള്‍ ഇപ്പോള്‍ സ്വിറ്റ്സര്‍ലാന്‍റില്‍ നിന്നുമാണ് തുകല്‍ ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ തന്നെ നിര്‍മിച്ച ബോളുകളുടെ വിലയുടെ കാര്യത്തില്‍ ഞങ്ങള്‍ വലിയ പ്രശ്നത്തിലാണ്’ ബിഡിഎംമ്മിന്‍റെ ഉടമ രാകേഷ് മഹാജന്‍ പറഞ്ഞു.  

ഈ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയം ഉളളവര്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഇപ്പോള്‍ ഈ വ്യവസായത്തിന് വലിയ വീഴ്ച സംഭവിച്ചു, ക്രിക്കറ്റ് ബോള്‍ കയറ്റുമതിയുടെ കാര്യത്തില്‍ ഇപ്പോള്‍ പാകിസ്ഥാനേക്കാള്‍ പിന്നിലാണ് ഇന്ത്യ’

മറ്റൊരു ക്രിക്കറ്റ് ബോള്‍ നിര്‍മാതാവ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞ ആശങ്കയുണര്‍ത്തുന്ന കാര്യങ്ങളിതാണ്. ‘ഇത് ഒരു സുരക്ഷിത വ്യവസായമല്ല, നിങ്ങള്‍ പശുവിന്‍റെ തോല്‍ ഉപയോഗിച്ച് എന്തെങ്കിലും നിര്‍മിക്കാന്‍ ശ്രമിക്കുകയാണെങ്ങള്‍ നിങ്ങള്‍ വലിയ അപകടത്തിലാകും’.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here